പൊന്നാനി: പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ കനോലി കനാലിനു കുറുകെ മൂന്നുവർഷം മുമ്പ് നിർമിച്ച പള്ളപ്രം പാലത്തിലെ സ്ലാബ് അപകടാവസ്ഥയിൽ. വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം ഇളകിയാടുകയാണ്. ആനപ്പടി ഭാഗത്ത് അപ്രോച്ച് റോഡിൽനിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് സ്ലാബുകൾ ഇളകി മറ്റൊരു ദുരന്തത്തിനിടയാക്കുമെന്ന സ്ഥിതിയിലുള്ളത്. താഴെയുള്ള മണ്ണ് ഇളകിയാണ് സ്ലാബ് അപകടാവസ്ഥയിലായത്. കൂടാതെ പാലത്തിെൻറ റീട്ടെയ്ൻ വാളും അപകടാവസ്ഥയിലാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ സ്ലാബ് ആടിയുലയുകയാണ്. നേരത്തേയും ഇതേ സ്ഥിതിയുണ്ടായതിനെത്തുടർന്ന് കരാറുകൾ കോൺക്രീറ്റ് ഇട്ട് അടച്ച് മടങ്ങിയെങ്കിലും ആഴ്ചകൾക്കകം പാലം ഗുരുതര സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. കൂടാതെ പാലത്തിലെ എക്സ്പാൻഷൻ ജോയൻറിലെ കോൺക്രീറ്റുകൾ അടരുന്നതും പതിവായിട്ടുണ്ട്.
പലതവണ പാലത്തിെൻറ എക്സ്പാൻഷൻ ജോയൻറിലെ കോൺക്രീറ്റുകൾ അടരുകയും നിർമാണ കമ്പനിയായ ഇ.കെ.കെ എൻറർപ്രൈസസ് രംഗത്തെത്തി താൽക്കാലിക അറ്റകുറ്റപ്പണി നടത്തുകയും ചെയ്തിരുന്നെങ്കിലും ഫലമില്ല. ഏഴ് മീറ്റർ ഉയരത്തിലുള്ള സ്പാനുകളിൽ ഗർഡറുകൾ സ്ഥാപിച്ചാണ് അതിന് മുകളിൽ കോൺക്രീറ്റ് ചെയ്തത്. 35.75 കോടി രൂപ ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ പദ്ധതി മൂന്നുവർഷം പിന്നിടുമ്പോഴേക്കും തകർന്നതിൽ പ്രതിഷേധം ശക്തമാണ്. പാലത്തിന് പതിവായുണ്ടാകുന്ന കേടുപാടുകൾ ദേശീയപാത വിഭാഗം അധികൃതർ നിർമാണ കമ്പനിയെ അറിയിച്ചിരുന്നു. എക്സ്പാൻഷൻ ജോയൻറുകൾ അടരുന്നതിന് പിന്നാലെ സ്ലാബ് ഇളകിയത് ഗുരുതര അപകടങ്ങൾക്കിടയാക്കും. സ്ലാബ് എടുത്തുമാറ്റി മണ്ണിട്ട് പുനർനിർമിക്കുകയോ ഗ്രാൻറിയൽ മെറ്റീരിയൽ ഇട്ട് കോൺക്രീറ്റിങ് നടത്തുകയോ ചെയ്യുമെന്നാണ് നിർമാണ കമ്പനി പറയുന്നത്.
വർഷങ്ങൾക്കകം തകർച്ച സംഭവിച്ചത് നിർമാണത്തിലെ അപാകത മൂലമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വർഷങ്ങൾക്കകം പാലത്തിൽ കേടുപാടുകളുണ്ടായതിൽ യാത്രക്കാരും നാട്ടുകാരും ആശങ്കയിലും പ്രതിഷേധത്തിലുമാണ്. കൃത്യമായ അളവിൽ കോൺക്രീറ്റിങ് നടത്താത്തതിനാലാണ് പാലത്തിൽ കേടുപാടുകൾ ഉണ്ടായതെന്ന ആരോപണവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.