തിരൂർ: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കഴിക്കാൻ കഴിയുന്ന പൊലീസ് ലൈൻ പൊന്മുണ്ടം ബൈപാസ് പദ്ധതി എന്ന് യാഥാർഥ്യമാകുമെന്ന ചോദ്യം ഇനിയും ബാക്കി. ഗതാഗതക്കുരുക്കഴിക്കാൻ പദ്ധതി അനിവാര്യമാണെന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്.
ബൈപാസിന്റെ 3 റീച്ച് പണി തിരൂർ ഭാഗത്തും പൊന്മുണ്ടം ഭാഗത്തുമായി കഴിഞ്ഞിട്ടുണ്ട്. റെയിൽപാളം കടക്കാൻ റെയിൽവേ മേൽപാല നിർമാണം 2015ൽ പൂർത്തിയായിരുന്നു. എന്നാൽ, റോഡിന്റെ ബാക്കി റീച്ചുകളുടെ പണിയും പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണവും പൂർത്തിയാക്കിയാലേ ബൈപാസ് ഗതാഗത യോഗ്യമാവു.
കേന്ദ്രപദ്ധതിയായ സേതുബന്ധൻ വഴി 33 കോടി രൂപ അപ്രോേച്ച് റോഡ് നിർമാണത്തിനായി ഏതാനും മാസങ്ങൾക്കു മുമ്പ് അനുവദിച്ചിരുന്നു.
ജൂണിൽ ഇതിനാവശ്യമായ ഭരണാനുമതിയും ലഭിച്ചു. ബാക്കി അനുമതികളും കൂടി ലഭിച്ചാലേ അപ്രാേച്ച് റോഡ് നിർമാണം പൂർത്തിയാകു. ബൈപാസ് തുറന്നാൽ കൊച്ചി ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് ഇതുവഴി എടരിക്കോടെത്തി ദേശീയപാതയിൽ കയറാം. തിരൂർ നഗരത്തിലേക്ക് കടക്കാതെ ഈ വണ്ടികൾ പോകുന്നതോടെ തിരക്കിനു വലിയ പരിഹാരമാകും. കൂടാതെ തിരൂരിലെ ചെറിയ റോഡുകളുടെയും ജങ്ഷനുകളുടെയും വീതി കൂട്ടണമെന്നും വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
പൂങ്ങോട്ടുകുളം, പയ്യനങ്ങാടി, ബി.പി അങ്ങാടി എന്നിവിടങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ കൃത്യമായ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. തിരൂരിൽ നിന്ന് പയ്യനങ്ങാടി വരെ ഡിവൈഡറുകൾ സ്ഥാപിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.