മാമാങ്ക സ്മാരകങ്ങളുടെ സംരക്ഷണം: ജില്ല പൈതൃക ടൂറിസം മാപ്പിലേക്ക്

തിരൂർ: ചരിത്രപ്രസിദ്ധമായ തിരുനാവായ മാമാങ്കം പുനരാവിഷ്കരിക്കുന്നതിനും മാമാങ്ക സ്മാരകങ്ങളുടെ സംരക്ഷണത്തിനും മലപ്പുറം ജില്ല പഞ്ചായത്ത്‌ ബജറ്റിൽ 50 ലക്ഷം രൂപ നീക്കിവെച്ചതോടെ മലപ്പുറം ജില്ലയുടെ പൈതൃക ടൂറിസം സാധ്യതകൾക്ക് കൂടുതൽ പ്രതീക്ഷ കൈവരുന്നു.

നിരവധി ചരിത്ര ശേഷിപ്പുകളുള്ള ജില്ലയിൽ മാമാങ്കം ഉൾപ്പെടെയുള്ളവയുടെ ശേഷിപ്പുകൾ സംരക്ഷിക്കാൻ ജില്ല പഞ്ചായത്ത്‌ പദ്ധതികൾ ആവിഷ്കരിക്കുന്നതോടെ പൈതൃക ടൂറിസം സാധ്യതകൾ വർധിക്കുമെന്ന പ്രതീക്ഷയിലാണ്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര പരിസരത്തെ ചാവേർത്തറ മുതൽ തിരുനാവായ വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മാമാങ്കത്തിന്‍റെ ചരിത്ര ശേഷിപ്പുകളുണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട നിലപാടുതറയും ചങ്ങമ്പള്ളി കളരിയും മരുന്നറയും മണിക്കിണറുമെല്ലാം തിരുനാവായയിലാണ്. ഇവ പുരാവസ്തു വകുപ്പ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും ചങ്ങമ്പള്ളി കളരി മാത്രമാണ് നവീകരിച്ച് സംരക്ഷിച്ചിട്ടുള്ളത്.

മാമാങ്കത്തിന്‍റെ മുഴുവൻ ചരിത്ര ശേഷിപ്പുകളും സംരക്ഷിക്കണമെന്നതും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിൽ പൈതൃക ടൂറിസം പദ്ധതി കൊണ്ടുവരണമെന്നതും ജില്ലയിലെ ചരിത്രകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ഏറെക്കാലത്തെ ആവശ്യമാണ്. 2022 -23 വർഷത്തേക്കുള്ള മലപ്പുറം ജില്ല പഞ്ചായത്തിന്‍റെ ബജറ്റിൽ മാമാങ്കവും ഇടംപിടിച്ചതോടെ ജില്ലയിലെ ടൂറിസം മേഖലയിൽ മലപ്പുറം ജില്ലക്കും വിശിഷ്യാ തിരുനാവായക്കും പ്രാമുഖ്യം വരുമെന്ന് പ്രതീക്ഷിക്കുന്നു.

വരുംവർഷം മുതൽ വിദേശികളായ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിൽ ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലുമായും തിരുനാവായ ഗ്രാമപഞ്ചായത്തുമായും സഹകരിച്ച് കേരളത്തിന്‍റെ പരമ്പരാഗത കലാരൂപങ്ങളും ആയോധന കലാ പ്രദർശനങ്ങളും ഉൾക്കൊള്ളുന്ന വിപുല വ്യാപാര മേളയായി മാമാങ്ക മഹോത്സവം സംഘടിപ്പിക്കാൻ ജില്ല പഞ്ചായത്ത്‌ മുൻകൈയെടുക്കുമെന്നും മുഴുവൻ മാമാങ്ക സ്മാരകങ്ങളും സംരക്ഷിക്കുന്നതിന് ഘട്ടം ഘട്ടമായി ആവശ്യമായ തുക വകയിരുത്തുമെന്നും ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ എം.കെ. റഫീഖ, വൈസ് പ്രസിഡന്‍റ്‌ ഇസ്മായിൽ മൂത്തേടം, ഡിവിഷൻ മെംബർ ഫൈസൽ എടശ്ശേരി എന്നിവർ പറഞ്ഞു.

Tags:    
News Summary - Preservation of Mamanka Monuments: To the District Heritage Tourism Map

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.