തിരൂർ: ജില്ലയിലെ തപാൽ വിതരണ മേഖലയെ ആശങ്കയിലാക്കിയ തിരൂരിലെ ആർ.എം.എസ് ഓഫിസ് കുടിയൊഴിപ്പിക്കൽ നീക്കം റെയിൽവേ നിർത്തിവെച്ചു. എം.പി. അബ്ദുസമദ് സമദാനി എം.പിയുടെ ഇടപെടൽ ഫലം കണ്ടതോടെയാണ് റെയിൽവേ മെയിൽ സർവിസ് (ആർ.എം.എസ്) ഓഫിസുമായി ബന്ധപ്പെട്ട വിഷയത്തിന് പരിഹാരമായത്. ആർ.എം.എസിന്റെ പ്രവർത്തനത്തിന് ആവശ്യമായ മുറി നിലനിർത്താനും അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ റെയിൽവേ ലൈനിൽ തന്നെ ആർ.എം.എസ് ഓഫിസിന് പുതിയ സ്ഥലം അനുവദിക്കാനും തീരുമാനമായി. ഇതിന്റെ ഭാഗമായി ഉടൻ തന്നെ റെയിൽവേയുടെയും ആർ.എം.എസിന്റെയും അധികൃതർ സംയുക്തമായി സ്ഥലം സന്ദർശിച്ച് പരിശോധന നടത്തും. റെയിൽവേ മെയിൽ സർവിസ് ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ ‘മാധ്യമം’ കഴിഞ്ഞദിവസം വാർത്തയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തിൽ സമദാനിയുടെ ഇടപെടലുണ്ടായത്.
സമദാനിയുടെ നിർദേശപ്രകാരം വെള്ളിയാഴ്ച പാലക്കാട് ഡി.ആർ.എം (ഡിവിഷനൽ റെയിൽവേ മാനേജർ) ഓഫിസിൽ യോഗം വിളിച്ചുചേർക്കുകയായിരുന്നു. ആർ.എം.എസ് ഓഫിസ് വിഷയവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച സമദാനി റെയിൽവേ മന്ത്രിയെ കണ്ട് നിവേദനം നൽകുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച നടന്ന റെയിൽവേ അധികൃതരുടെയും കോഴിക്കോട് നിന്നെത്തിയ ആർ.എം.എസ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് വിഷയത്തിൽ പരിഹാരമുണ്ടായത്. നേരത്തേ അമൃത് ഭാരത് പദ്ധതി പ്രകാരം നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആർ.എം.എസ് ഓഫിസിന് സ്ഥലം അനുവദിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ മറ്റെങ്ങോട്ടെങ്കിലും അതുമാറ്റി സ്ഥാപിക്കണമെന്നുമായിരുന്നു റെയിൽവേ അധികൃതർ നൽകിയ അന്ത്യശാസനം. ഇത് ജനങ്ങളിൽ ഏറെ ആശങ്കയുണ്ടാക്കിയിരുന്നു.
ഈ ആശങ്കക്കാണ് ഇപ്പോൾ പരിഹാരമുണ്ടാകുന്നത്. സംസ്ഥാനത്തുതന്നെ ആർ.എം.എസിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് തിരൂർ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓഫിസ്. പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും ഒട്ടേറെ ജനങ്ങളാണ് റെയിൽവേ മെയിൽ സർവിസിനെ ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.