തിരൂർ: ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകം സംസ്ഥാന ചലച്ചിത്ര അക്കാദമി, മലയാളം സർവകലാശാലയിലെ ഫിലിം സ്റ്റഡീസ്, മീഡിയ സ്റ്റഡീസ് വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഡോക്യുമെന്ററി- ഹ്രസ്വചലച്ചിത്രമേള ''സൈന്‍സ് 2024 '' ഒക്ടോബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സർവകലാശാല കാമ്പസിലെ ചിത്രശാല, രംഗശാല തിയറ്ററുകളില്‍ നടക്കും.
മേള ഒക്ടോബര്‍ ഒന്നിന് ഉച്ചക്ക് 12ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. ഡോക്യുമെന്ററി സംവിധായകന് രാകേശ് ശര്‍മ്മ മുഖ്യാതിഥിയാകും. ചടങ്ങില്‍ ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള റീജൻ അധ്യക്ഷന്‍ ടി.വി. ചന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എല്‍. സുഷമ അധ്യക്ഷത വഹിക്കും. കുറുക്കോളി മൊയ്തീന് എം.എല്‍.എ ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം നടത്തും.
രാകേശ് ശര്‍മ്മ സംവിധാനം ചെയ്ത ഫൈനല്‍ സൊല്യൂഷന് എന്ന ഡോക്യുമെന്ററി മേളയുടെ ഉദ്ഘാടന ചിത്രമായി വൈകീട്ട് ആറിന് പ്രദര്‍ശിപ്പിക്കും. 26 ഡോക്യുമെന്ററികളും 18 ഹ്രസ്വചിത്രങ്ങളും ജോണ്‍ ഏബ്രഹാം ദേശീയ പുരസ്കാരത്തിനായി നടക്കുന്ന മേളയില്‍ മത്സരിക്കും. 50000 രൂപയും പ്രശസ്തിപത്രവും സി.എൻ. കരുണാകരൻ രൂപകല്പന ചെയ്ത ശില്പവുമാണ് ജോൺ ഏബ്രഹാം പുരസ്കാരം.
കൂടാതെ, മികച്ച പരീക്ഷണാത്മക ചിത്രത്തിന് സിനിമ എക്സ്പെരിമെന്റ്, പ്രതിരോധ പ്രമേയങ്ങള്‍ ചിത്രീകരിക്കുന്ന മികച്ച ചിത്രത്തിന് സിനിമ ഓഫ് റെസിസ്റ്റന്‍സ് എന്നീ ദേശീയ പുരസ്കാരങ്ങളും നല്‍കും. 25000 രൂപയും വെങ്കല ശിൽപവും പ്രശസ്തി പത്രവും ഉള്‍ക്കൊള്ളുന്നതാണ് പുരസ്കാരങ്ങള്‍.
കൂടാതെ മലയാളത്തില്‍ നിന്നുള്ള മികച്ച ഡോക്യുമെന്ററിക്കും ഹ്രസ്വചിത്രത്തിനും 10000 രൂപ വീതവും വെങ്കല ശിൽപവും പ്രശസ്തി പത്രവും ഉള്‍ക്കൊള്ളുന്ന ചെലവൂര്‍ വേണു പുരസ്കാരവും നല്‍കും. മേളയിലെ ഫോക്കസ് എന്ന മത്സരേതര വിഭാഗത്തില്‍ 16 ഡോക്യുമെന്ററികളും 30 ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാള്‍സ് കൊറിയ ഫൗണ്ടേഷന് ഓരോവര്‍ഷവും നടത്തുന്ന നഗരി ചലച്ചിത്ര മേളയില്‍ നിന്ന് തെരഞ്ഞെടുത്ത 19 ചിത്രങ്ങളുടെ പാക്കേജും മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ പ്രേമേന്ദ്ര മജുംദാര്‍ ക്യുറേറ്റ് ചെയ്ത 10 അന്തര്‍ദേശീയ ചിത്രങ്ങളുടെ പാക്കേജും പ്രഗത്ഭ ഡോക്യുമെന്ററി സംവിധായകനും ക്യുറേറ്ററുമായ ആര്.പി അമുതന് ക്യുറേറ്റ് ചെയ്ത സംഗീതം ആധാരമാക്കിയ നാല് ചിത്രങ്ങളുടെ പാക്കേജും ഏറ്റവും പുതിയ അഞ്ച് ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ഡോക്യുമെന്ററി നൗ പാക്കേജും മേളയുടെ ഭാഗമാണ്.
എല്ലാ വിഭാഗത്തിലുമായി 134 ചിത്രങ്ങളാണ് മേളയില്‍ ഉള്‍പ്പെടുന്നത്. പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്രകാരനുമായ സണ്ണി ജോസഫ് അധ്യക്ഷനും ദേശീയ പുരസ്കാര ജേതാവായ നിരൂപകന് ജി.പി. രാമചന്ദ്രന്, ചലച്ചിത്രകാരിയായ വിധു വിന്‍സന്റ് എന്നിവര്‍ അംഗങ്ങളുമായ ജൂറി പുരസ്കാരങ്ങള്‍ നിര്‍ണയിക്കും.
വാർത്തസമ്മേളനത്തിൽ രജി എം. ദാമോദരന്‍, വി.പി. ഉണ്ണികൃഷ്ണന്, മധു ജനാര്ദനന്, ഡോ. ശ്രീദേവി, പി. അരവിന്ദ്, കെ.സി. പ്രവീണ്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.