തിരൂർ: എം.കെ. അബ്ദുൽ ഷുക്കൂർ എന്ന തിരൂരുകാരുടെ സ്വന്തം ഷുക്കൂർ പൊലീസ് സർവിസിൽനിന്ന് ചൊവ്വാഴ്ച പടിയിറങ്ങുന്നു. 28 വർഷം നീണ്ട സേവനത്തിനുശേഷമാണ് ഷുക്കൂർ പൊലീസ് ഡിപ്പാർട്മെന്റിൽനിന്ന് വിരമിക്കുന്നത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മലപ്പുറം ഡിറ്റാച്ച്മെന്റ് സബ് ഇൻസ്പെക്ടറായാണ് സർവിസിൽനിന്ന് ഷുക്കൂർ പടിയിറങ്ങുന്നത്. പൊലീസിൽ പലർക്കും ലഭിക്കാത്ത ഭാഗ്യമാണ് ഷുക്കൂറിന് ലഭിച്ചത്. കൂടുതൽ കാലം സ്വന്തം നാട്ടിലെ പൊലീസ് സ്റ്റേഷനിൽ തന്നെ ജോലി ചെയ്യാൻ കഴിഞ്ഞതാണ് ഷുക്കൂറിനെ സന്തോഷവാനാക്കുന്നത്. അതുകൊണ്ടുതന്നെ തിരൂരിന്റെ സ്വന്തം പൊലീസുകാരാനായാണ് ഷുക്കൂറിനെ എല്ലാവരും കണ്ടിരുന്നത്. തന്റെ സർവിസിൽ ലഭിച്ച ഭാഗ്യമാണ് സ്വദേശത്തുതന്നെ ഏറെക്കാലം ജോലി ചെയ്യാനും നാട്ടുകാർ സഹായങ്ങൾ നൽകാനും സാധിച്ചതെന്ന് ഷുക്കൂർ 'മാധ്യമ'ത്തോട് പറഞ്ഞു.
1995ലാണ് സിവിൽ പൊലീസ് ഓഫിസറായി ജോലിയിൽ പ്രവേശിച്ചത്. തിരൂർ ട്രാഫിക് യൂനിറ്റ്, താനൂർ, കൽപകഞ്ചേരി, കുറ്റിപ്പുറം, കരുവാരകുണ്ട്, പെരിന്തൽമണ്ണ, വളാഞ്ചേരി എന്നീ പൊലീസ് സ്റ്റേഷനുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എട്ട് വർഷത്തോളം തിരൂർ ഡിവൈ.എസ്.പി ഓഫിസിലും ജോലി ചെയ്തിട്ടുണ്ട്. സർവിസിനിടെ ഒരു ദുരനുഭവം നേരിടേണ്ടിവന്നത് ഇപ്പോഴും മനസ്സിൽ വേദനയായി നിൽക്കുന്നു. ഉപയോഗിച്ചിരുന്ന മോട്ടോർ സൈക്കിൾ സ്വന്തം വീടിന്റെ മുറ്റത്തുവെച്ച് അഗ്നിക്കിരയാക്കുകയായിരുന്നു. എന്നാൽ, ഈ ദുരനുഭവത്തിൽ എല്ലാവരും കൂടെനിന്ന് സമാധാനിപ്പിക്കുകയും പൊലീസ് കുറ്റക്കാരെ കണ്ടെത്തുകയും ചെയ്തു എന്നത് ആശ്വാസകരമാണെന്ന് ഷുക്കൂർ പറഞ്ഞു. പറവണ്ണ മുറിവഴിക്കൽ സ്വദേശിയാണ് ഷുക്കൂർ. ഭാര്യ: ഫാത്തിമ സൈദ. മക്കൾ: മുർഷിദ, ഷാനിദ, നേഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.