തിരൂർ: തിരുനാവായ ഗ്രാമപഞ്ചായത്തിലെ വർഷങ്ങളായുള്ള കുടിവെള്ള പ്രശ്നത്തിന് പരിഹാരമാവുന്നു. താഴത്തറ മിനി കുടിവെള്ള പദ്ധതി യാഥാർഥ്യമാവുന്നതോടെ പതിനായിരക്കണക്കിന് കുടുംബങ്ങൾക്കാണ് ശുദ്ധജലം ലഭിക്കുക. താഴത്തറയിൽ 2.50 സെന്റിലാണ് മിനി കുടിവെള്ള പദ്ധതി ഒരുങ്ങുന്നത്. 8.78 കോടി രൂപക്കാണ് പദ്ധതിക്ക് സാങ്കേതികാനുമതി ലഭിച്ചത്. തിരുനാവായ റെയിൽവേ ലൈനിനും ഭാരതപ്പുഴക്കും ഇടയിലുള്ള എല്ലാ വീടുകളിലേക്കുമാണ് പദ്ധതിയിലൂടെ വാട്ടർ അതോറിറ്റിയുടെ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാവുക. നിലവിൽ ഈ ഭാഗങ്ങളിൽ വാട്ടർ അതോറിറ്റി കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. എന്നാൽ, ശുദ്ധീകരിക്കാതെ പുഴയിൽനിന്ന് നേരിട്ട് പമ്പ് ചെയ്താണ് കുടിവെള്ളം വിതരണം ചെയ്തിരുന്നത്. തിരുനാവായ പഞ്ചായത്തിലെ 11, 12, 13, 14, 15 വാർഡുകൾ പൂർണമായും 9, 10, 18 വാർഡുകൾ ഭാഗികമായും ഉൾപ്പെടുന്നതാണ് ഈ പ്രദേശങ്ങൾ. പഞ്ചായത്തിലെ മറ്റു ഭാഗങ്ങളിൽ വാട്ടർ അതോറിറ്റി കുട്ടിക്കാലത്താണി ജലശുദ്ധീകരണ ശാഖയിൽ നിന്നുള്ള ശുദ്ധീകരിച്ച ജലമാണ് വിതരണം ചെയ്യുന്നത്.
പഞ്ചായത്തിലെ ഒരു ഭാഗത്ത് ശുദ്ധീകരിച്ച ജലവും മറ്റൊരു ഭാഗത്ത് ശുദ്ധീകരിക്കാത്തതും വിതരണം ചെയ്യുന്നത് വ്യാപക പരാതികൾക്കും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
ഇതേതുടർന്നാണ് പഞ്ചായത്ത് അധികൃതർ വിഷയത്തിൽ പരിഹാരം കണ്ടെത്താനായി വാട്ടർ അതോറിറ്റിയെയും സംസ്ഥാന സർക്കാറിനെയും നിരന്തരം ബന്ധപ്പെട്ടത്. സർക്കാറിന്റെ സാങ്കേതികാനുമതി ലഭിച്ചതിനെ തുടർന്ന് 2021 മേയിൽ താഴെത്തറ മിനി കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവൃത്തി ആരംഭിക്കുകയായിരുന്നു.
പദ്ധതിയിൽ എയറേറ്റർ, സെറ്റ്ലിങ് ടാങ്ക്, അയൺ റിമൂവലിനും ടർബിഡിറ്റി റിമൂവലിനും ഉള്ള പ്രഷർ ഫിൽട്ടർ, ക്ലിയർ വാട്ടർ സമ്പ്, ക്ലോറിനേഷൻ യൂനിറ്റ് എന്നിവ അടങ്ങിയ ജലശുദ്ധീകരണശാലയും അതിന് യോജിക്കുന്ന വാട്ടർ പമ്പ്സെറ്റ് ഇലക്ട്രിക്കൽ ഇൻസ്റ്റാൾമെന്റ് എന്നിവയാണ് പ്രധാന ഘടകങ്ങൾ. കൂടാതെ 48 കി. മീറ്ററോളം വരുന്ന കുടിവെള്ള വിതരണശൃംഖലയും 2131 (എഫ്.എച്ച്.ടി.സി.എസ്) ഫങ്ഷനൽ ഹൗസ്ഹോൾഡ് ടാപ് കണക്ഷനും പ്രവൃത്തിയിൽ ഉൾപ്പെടുന്നു.
ജലശുദ്ധീകരണശാലയുടെ വിവിധ ഘടകങ്ങൾ 2.50 സെന്റിൽ ഉൾക്കൊള്ളിച്ച് നിർമിക്കുക എന്നത് സാങ്കേതിക വെല്ലുവിളിയായിരുന്നു. പ്രത്യേകിച്ച് പുഴയോരത്ത് റോഡിനോട് ചേർന്നുനിൽക്കുന്ന സ്ഥലത്ത് പ്രഷർ ഫിൽട്ടർ യൂനിറ്റുകളുടെ ഭാരം താങ്ങാവുന്ന ശേഷിയുള്ള ഭൂഗർഭ സംഭരണി നിർമിക്കുക എന്നത്. ഈ വെല്ലുവിളികളെല്ലാം മറികടന്നാണ് പദ്ധതി യാഥാർഥ്യമാവുന്നത്. ഇപ്പോൾ 1.5 എം.എൽ.ഡി ശേഷിയുള്ള ജലശുദ്ധീകരണശാല ട്രയൽ റണ്ണിങ് വിജയകരമായി നടക്കുകയാണ്.
ജലശുദ്ധീകരണശാലയിൽ നിന്നുള്ള ശുദ്ധീകരിച്ച ജലം സമീപത്തെ നാവാമുകുന്ദ സ്കൂൾ പരിസരത്തെ നിലവിലുള്ള 4.3 ലക്ഷം കപ്പാസിറ്റിയുള്ള ഉന്നതതല സംഭരണിയിലേക്ക് പമ്പ് ചെയ്യുകയുമാണ് ചെയ്യുന്നത്. താഴെത്തറ കുടിവെള്ള പദ്ധതിയുടെ ഭാഗമായി 1500ഓളം കുടിവെള്ള കണക്ഷനുകളും 39 കി.മീ. പൈപ്പ്ലൈനുകളും സ്ഥാപിക്കുന്ന പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്. കുടിവെള്ള പദ്ധതി ഉടൻ നാടിന് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.