തിരൂർ: വർഷങ്ങളുടെ കാത്തിരിപ്പിനും തുടർന്നുണ്ടായ വിവാദങ്ങൾക്കും വിരാമമിട്ട് തിരൂർ സിറ്റി ജങ്ഷൻ റെയിൽവേ മേൽപാലം ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയാവും.
ഏറെ കാലത്തെ ചർച്ചാവിഷയമായിരുന്നു തിരൂർ താഴെപ്പാലം പുതിയ പാലവും സിറ്റി ജങ്ഷൻ റെയിൽവേ മേൽപാലവും. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് പദ്ധതിക്ക് പുതുജീവൻ വെച്ചത്. തിരൂരിലെ, വർഷങ്ങളായി നോക്കുകുത്തിയായി മാറിയ പാലങ്ങളെ കുറച്ച് ‘മാധ്യമം’ നിരന്തരം വാർത്തയാക്കിയിരുന്നു. മുൻ എം.എൽ.എ സി. മമ്മുട്ടി, നിലവിലെ എം.എൽ.എ കുറുക്കോളി മൊയ്തീൻ എന്നിവരുടെ ഇടപെടലും പൊതുമരാമത്ത് മന്ത്രി റിയാസിന്റെ അനുകൂല നിലപാടുകളുമാണ് നോക്കുകുത്തിയായ മൂന്ന് പാലങ്ങളിൽ രണ്ടെണ്ണവും യാഥാർഥ്യമാക്കിയത്. മാസങ്ങൾക്കു മുമ്പാണ് താഴെപ്പാലം പുതിയ പാലം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചത്. കൂടാതെ, സിറ്റി ജങ്ഷൻ റെയിൽവേ മേൽപ്പാലം പ്രവൃത്തി വേഗത്തിലാക്കാൻ നിർദേശം നൽകുകയും ചെയ്തതോടെ നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ആശ്വാസമായി രണ്ടാമത്തെ മേൽപാലവും യാഥാർഥ്യമായി.
2018ലാണ് പാലത്തിന്റെ നിർമാണം പൂർത്തിയായത്. എന്നാൽ, അപ്രോച്ച് റോഡിന് ഫണ്ടില്ലാത്തതിനാൽ പാലം തുറന്നു കൊടുക്കുന്നത് നീണ്ടു പോകുകയായിരുന്നു. പഴയ മേൽപ്പാലത്തിന് മുകളിലൂടെ കടന്നുപോവുന്ന ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റാൻ വൈകിയത് നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ തടസ്സമായി. ഇതിനെ തുടർന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് തിരൂരിലെത്തി കുറുക്കോളി മൊയ്തീൻ എം.എൽ.എയുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. തുടർന്നാണ് അപ്രോച്ച് റോഡ് നിർമാണത്തിനായി ഭരണാനുമതി നൽകിയത്.
മൂന്നു കോടി 60 ലക്ഷം രൂപയാണ് പാലം നിർമാണത്തിനായി അനുവദിച്ചത്. എന്നാൽ, രണ്ട് കോടി 63 ലക്ഷം രൂപയ്ക്ക് കരാറുകാർ പദ്ധതി യാഥാർഥ്യമാക്കി. ഗതാഗത കുരുക്കിനെ തുടർന്ന് സിറ്റി ജങ്ഷൻ മേൽപാലത്തിന്റെ പ്രവൃത്തി പൂർത്തിയാവും മുമ്പ് അധികൃതരുടെ അനുമതിയില്ലാതെ അജ്ഞാതർ തുറന്നുകൊടുത്തത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പരാതിപ്പെട്ടതോടെ തിരൂർ പൊലീസെത്തി പാലം അടക്കുകയും ചെയ്തു. പിന്നീടും സമാന സംഭവം ആവർത്തിച്ചിരുന്നു. ഒടുവിൽ വിവാദങ്ങൾക്ക് വിരാമം കുറിച്ച് സിറ്റി ജങ്ഷൻ മേൽപാലവും ഔദ്യോഗികമായി ശനിയാഴ്ച നാടിന് സമർപ്പിക്കും. ഇനി പൊലീസ് ലൈൻ-പൊൻമുണ്ടം ബൈപ്പാസ് റോഡിലെ മുത്തൂർ പാലമാണ് യാഥാർഥ്യമാവാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.