തിരൂർ: പുറത്തൂർ മില്ലുംപടിയിൽ പ്രവർത്തിക്കുന്ന തിരൂർ കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (ടി.സി.പി.സി) കർഷകരിൽനിന്ന് പൊളിച്ച നാളികേരം ഒരു വർഷത്തെ കാലാവധിക്ക് കിലോക്ക് 40 രൂപ നിരക്കിലും ആറ് മാസത്തെ കാലാവധിക്ക് 35 രൂപ നിരക്കിലും പൊളിക്കാത്ത നാളികേരം യഥാക്രമം 16,14 രൂപ നിരക്കിലും സംഭരിക്കുന്നു. തിരൂർ താലൂക്കിലെ 1350ൽപരം കർഷകർ വിഹിതം എടുത്തിട്ടുള്ള ഈ സ്ഥാപനം 2014ലാണ് തുടക്കം കുറിച്ചത്.
കേന്ദ്ര സർക്കാറിന്റെ എം.എസ്.എം.ഇ.യുടെ പങ്കാളിത്തത്തോടെയാണ് കമ്പനി പ്രവർത്തിക്കുന്നത്. ശേഖരിക്കുന്ന നാളികേരത്തിൽ നിന്നും മൂല്യവർധിത വസ്തുക്കളാണ് ഉൽപാദിപ്പിക്കുന്നത്. കർഷകരുടെ ഉന്നമനവും സാമ്പത്തിക നില മെച്ചപ്പെടുത്തലും സുസ്ഥിരതയും മത്സരക്ഷമതയും ശക്തിപ്പെടുത്തലുമാണ് കമ്പനിയുടെ ലക്ഷ്യം. നിലവിൽ കർഷകരിൽ നിന്നും അടിസ്ഥാന വിലയേക്കാൾ കൂടുതൽ വില കൊടുത്തു തേങ്ങ സംഭരിച്ച് കർഷകരുടെ വരുമാനം 20 ശതമാനം മുതൽ 25 ശതമാനം വരെ വർധിപ്പിക്കുകയാണ് കമ്പനിയുടെ ഉദ്ദേശം. 2030 ആകുമ്പോഴേക്ക് ഏറ്റവും കുറഞ്ഞത് 500 കർഷകർക്ക് തൊഴിൽ ലഭ്യമാക്കണമെന്നതാണ് ലക്ഷ്യമെന്ന് കമ്പനി അധികൃതർ പറഞ്ഞു. നിലവിൽ ‘കൊക്കൊ നാഖി’ എന്ന പേരിൽ ശുദ്ധമായ വെളിച്ചെണ്ണ, വിർജിൻ കോക്കനട്ട് ഓയിൽ, ഹെയർ ഓയിൽ, ഡെസിഗ്നേറ്റഡ് പൗഡർ, കോക്കനട്ട് ചിപ്സ്, കോക്കനട്ട് ചട്ടിണി പൗഡർ എന്നിവയും ടി.സി.പി.സിയിൽനിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ ഫ്ലവേർഡ് മിൽക്ക്, കോക്കനട്ട് ഡ്രിങ്കിങ് വാട്ടർ എന്നിവ അടുത്ത് തന്നെ പുറത്തിറങ്ങും.
അഖിലേന്ത്യാ തലത്തിൽ 2024 ൽ എം.എസ്.എം.ഇ നടത്തിയ സർവേയിൽ ഏറ്റവും നല്ല അഞ്ച് പ്രൊജക്റ്റുകളിൽ ടി.സി.പി.സി കമ്പനിയെയും അതിന്റെ ഉൽപ്പന്നങ്ങളെയും തെരഞ്ഞെടുത്തിരുന്നു. മാർക്കറ്റിൽ 1 രൂപ 10 പൈസക്ക് പൊളിക്കുന്ന തേങ്ങ ടി.സി.പി.സിയിൽ നിന്നും കേവലം 60 പൈസ നിരക്കിൽ പൊളിച്ച് കൊടുക്കുന്നതും കർഷകർക്ക് വലിയ സഹായമാണ്. വാർത്ത സമ്മേളനത്തിൽ കമ്പനി ചെയർമാർ എം.എം. കബീർ, വൈസ് ചെയർമാൻ എം. സെയ്ത് മുഹമ്മദ്, ഡയറക്ടർമാരായ കെ.കെ. മുഹമ്മദലി ഹാജി, ഇബ്രാഹിം ചേന്നര തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.