1957 മുതല്‍ മുസ്ലിം ലീഗിെൻറ പച്ചത്തുരുത്താണ് തിരൂര്‍ നിയമസഭ മണ്ഡലം. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ലീഗ് അപ്രമാദിത്വം തുടരുന്ന മണ്ഡലം. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ 15ല്‍ 14 തവണയും ലീഗ് സ്ഥാനാര്‍ഥികളാണ് വിജയക്കൊടി നാട്ടിയത്. 2006ല്‍ മാത്രമാണ് ലീഗിന് തിരൂരില്‍ ആദ്യമായി തിരിച്ചടി നേരിട്ടത്.
കേരള നിയമസഭ മുന്‍ സ്പീക്കര്‍ കെ. മൊയ്തീന്‍കുട്ടിയെന്ന ബാവ ഹാജിയാണ് തിരൂര്‍ മണ്ഡലത്തിെൻറ ചരിത്രത്തിലെ ആദ്യനിയമസഭാംഗം. 1957ല്‍ ആദ്യ നിയമസഭയിലേക്ക് ബാവ ഹാജിയെ അയച്ച തിരൂര്‍, അഖിലേന്ത്യ ലീഗിലേക്ക് ചേക്കേറുന്നത് വരെയും അദ്ദേഹത്തെയാണ് ജയിപ്പിച്ചത്. പിന്നീട് പി.ടി. കുഞ്ഞുട്ടി ഹാജി, യു.എ. ബീരാന്, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ തിരൂര്‍ മണ്ഡലത്തിലെ ജനപ്രതിനിധികളായി.
പി.ടി. കുഞ്ഞുട്ടി ഹാജിയും ഇ.ടി. മുഹമ്മദ് ബഷീറും രണ്ട് തവണ വീതവും യു.എ. ബീരാന് ഒരു തവണയുമാണ് തിരൂരില്‍നിന്ന് എം.എല്‍.എമാരായി വെന്നിക്കൊടി നാട്ടിയത്.
2006ല്‍ സി.പി.എം ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പി.പി. അബ്ദുല്ലക്കുട്ടിയിലൂടെ മണ്ഡലത്തില്‍ സി.പി.എം ചരിത്രം കുറിച്ചു. ഇ.ടി മുഹമ്മദ് ബഷീറിനെയാണ് അബ്ദുല്ലക്കുട്ടി അട്ടിമറിച്ചത്. എന്നാല്‍, 2011ല്‍ പി.പി. അബ്ദുല്ലക്കുട്ടിയെ പരാജയപ്പെടുത്തി സി. മമ്മുട്ടിയിലൂടെ ലീഗ് മണ്ഡലം തിരിച്ചുപിടിച്ചു. 2016ലും സി. മമ്മുട്ടി തിരൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ഗഫൂര്‍ പി. ലില്ലീസിനെ 7,061 വോട്ടുകള്‍ക്കാണ് മമ്മുട്ടി പരാജയപ്പെടുത്തിയത്.
തിരൂര്‍ നഗരസഭയും വെട്ടം, തലക്കാട്, കല്പകഞ്ചേരി, വളവന്നൂര്‍, തിരുനാവായ, ആതവനാട് പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് തിരൂര്‍ നിയമസഭ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരൂര്‍ നഗരസഭ തിരിച്ചുപിടിക്കാനായത് യു.ഡി.എഫിെൻറ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. തിരൂര്‍ നഗരസഭക്കു പുറമെ കല്പകഞ്ചേരി, വളവന്നൂര്‍, തിരുനാവായ, ആതവനാട് പഞ്ചായത്തുകളും യു.ഡി.എഫ് ഭരണം നിലനിര്‍ത്തി. എന്നാല്‍, പ്രാദേശിക അനൈക്യം മൂലം വെട്ടത്ത് യു.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ചരിത്രത്തിലാദ്യമായി എല്‍.ഡി.എഫ് വെട്ടം പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. തലക്കാട് പഞ്ചായത്തില്‍ മികച്ച പോരാട്ടം നടന്നെങ്കിലും എല്‍.ഡി.എഫിന് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തിരൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിന് ലീഡ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ 7,061 വോട്ടിെൻറ ലീഡാണ് സി. മമ്മുട്ടിക്ക് ലഭിച്ചതെങ്കില്‍ 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് ഇ.ടിക്ക് 41,385 വോട്ടിെൻറ ലീഡാണ് കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.