തിരൂര്‍: കായികപ്രേമികളെ നിരാശയിലാക്കി വർഷങ്ങളായി നോക്കുകുത്തിയായി കിടക്കുകയാണ് തിരൂര്‍ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം. ഐ.എസ്.എല്ലിലുള്‍പ്പെടെ നിരവധി താരങ്ങളെ സംഭാവന ചെയ്ത തിരൂരിന്റെ ഹൃദയ ഭാഗത്താണ് വര്‍ഷങ്ങളായി കാര്യമായ മാറ്റമില്ലാതെ കളിയാരവങ്ങള്‍ നിലച്ച് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. ടര്‍ഫും സിന്തറ്റിക് ട്രാക്കും ഗാലറിയുമെല്ലാം നശിച്ചുകൊണ്ടിരിക്കുന്നു.
സിന്തറ്റിക് ട്രാക്ക് പൊട്ടിപ്പൊളിഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. കോടികള്‍ ചെലവിട്ട് നിർമിച്ച സിന്തറ്റിക് ട്രാക്ക് ഓരോ ദിനവും നശിച്ചുകൊണ്ടിരിക്കുകയാണ്. ടര്‍ഫും തുരുമ്പെടുക്കുന്ന ഗാലറിയും സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥക്ക് അടിവരയിടുന്നു. ടര്‍ഫ്, സിന്തറ്റിക് ട്രാക്ക്, ഗാലറി എന്നിവ കൃത്യമായി പരിപാലിക്കുന്നില്ല. ഗ്രൗണ്ട് ഓരോ ദിവസവും നശിച്ചുകൊണ്ടിരിക്കുന്നു. ഗ്രൗണ്ടിലെ ചില ഭാഗങ്ങളിൽ അനാവശ്യ പുല്ലുകള്‍ നിറഞ്ഞ നിലയിലാണ്. ഇത് ഗ്രൗണ്ടിന്റെ ഭംഗിയെയും കാര്യക്ഷമതയെയും ബാധിക്കുന്നു.
ഫുട്ബാള്‍ മത്സരങ്ങളിലെ കളി ഒഴുക്കിന് അനാവശ്യ പുല്ലുകള്‍ തടസ്സമാണ്. ശുചിമുറിയില്ലാത്തതും കായിക താരങ്ങള്‍ക്ക് വസ്ത്രം മാറാൻ സൗകര്യമില്ലാത്തതും കേരള പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ മത്സരങ്ങള്‍ക്കായെത്തിയ താരങ്ങളെ കുറച്ചൊന്നുമല്ല വലച്ചത്. ശോച്യാവസ്ഥ കാരണം കഴിഞ്ഞ മൂന്ന് സീസണുകളിലും കെ.പി.എല്ലിന്റെ വേദി വരെ തിരൂരിന് നഷ്ടമായി. അതോടെ കെ.പി.എല്ലിൽ സാറ്റ് തിരൂരിന് ഹോം ഗ്രൗണ്ടിൽ കളിക്കാൻ കഴിയാത്ത അവസ്ഥയായി. മൈതാനത്തിന്റെ ഘടനയിലെ ഉയര്‍ച്ച താഴ്ച മൂലം മത്സരങ്ങള്‍ക്കിടെ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാൻ സാധ്യത കൂടുതലാണ്. മത്സരത്തിനിടയിലും പരിശീലനത്തിനിടയിലും പരിക്കേറ്റ നിരവധി താരങ്ങളുണ്ട്.
സ്റ്റേഡിയത്തിന്റെ വടക്ക് ഭാഗത്തെ കോണ്‍ക്രീറ്റ് ഗാലറികള്‍ ഒരു ധാരണയുമില്ലാതെയാണ് നിർമിച്ചിട്ടുള്ളത്. വലുപ്പമുണ്ടെന്നല്ലാതെ ആളുകള്‍ക്ക് ഇവിടേക്ക് കയറാന്‍ പോലും പ്രയാസകരമാണ്. ഹൈമാസ്റ്റ് ലൈറ്റുകള്‍ കേടായതിനാല്‍ ഇരുട്ട് വീണാല്‍ സ്റ്റേഡിയവും ഇരുട്ടിലാവും. മൈതാനത്തിന് ചുറ്റും 450 മീറ്റര്‍ നീളത്തില്‍ നടപ്പാത നിർമിച്ചത് മാത്രമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം തിരൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഏക വികസന പ്രവര്‍ത്തനം.
നഗരമധ്യത്തില്‍ 10 ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ഇതില്‍ ആറ് ഏക്കര്‍ ഇപ്പോഴും നവന്യൂ വകുപ്പിന്റെ രേഖകളിലുള്ള നിലമാണ്. തിരൂര്‍ വില്ലേജിലെ 179/3 സര്‍വേ നമ്പറില്‍ തിരൂര്‍ പുഴ ചുറ്റിയൊഴുകുന്ന സ്ഥലത്താണ് സ്റ്റേഡിയം. വര്‍ഷങ്ങള്‍ക്കുമുമ്പ് തരംമാറ്റാന്‍ നല്കിയ അപേക്ഷ ഇപ്പോള്‍ ഏതാണ്ട് അംഗീകരിച്ചിട്ടുണ്ട്.
എന്നാല്‍, ഫീസായി 15 ലക്ഷം രൂപ നഗരസഭ കെട്ടിവെക്കേണ്ട അവസ്ഥയാണ്. പൊതുകാര്യമായതിനാല്‍ 15 ലക്ഷം രൂപ ഫീ ഒഴിവാക്കി തരണമെന്ന് തിരൂര്‍ നഗരസഭ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇവ അംഗീകരിച്ച് തരംമാറ്റി കിട്ടിയാല്‍ മാത്രമേ സ്റ്റേഡിയത്തില്‍ നിർമാണ പ്രവര്‍ത്തനങ്ങൾ നടക്കുകയുള്ളൂ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.