തിരൂർ: ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ജില്ലയിലെ തപാൽ വകുപ്പിന്‍റെ ഏക റെയിൽവേ മെയിൽ സർവിസ് സെന്‍ററായ തിരൂർ ആർ.എം.എസ് ഓഫിസ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി കത്തയച്ചു. ജില്ലയിലെ ഏക ആർ.എം.എസ് കേന്ദ്രം നിർത്തലാക്കാനുള്ള നീക്കം സംബന്ധിച്ച് 'മാധ്യമം' ചൊവ്വാഴ്ച വാർത്ത നൽകിയിരുന്നു.
ഇവിടത്തെ സേവനങ്ങൾ ഘട്ടംഘട്ടമായി മറ്റു സെന്‍ററുകളിലേക്ക് മാറ്റിയ ശേഷം പൂർണമായും അടച്ചുപൂട്ടാനാണ് നീക്കം. ജില്ലയിലെ തപാൽ ഓഫിസുകളിൽനിന്നുള്ള തപാൽ ഉരുപ്പടികൾ തരം തിരിച്ചയക്കുന്നത് തിരൂർ ആർ.എം.എസിൽനിന്നാണ്.
ഉരുപ്പടികൾ അതത് ദിവസം രാത്രി തിരൂരിൽ എത്തിച്ച് തരം തിരിച്ചു പിറ്റേന്നുതന്നെ ജില്ലയിലെ തപാൽ ഓഫിസുകളിൽ മേൽവിലാസക്കാരനെ തേടി എത്തിയിരുന്നു. തിരൂരിലേത് പൂട്ടുന്നതോടെ ഈ പ്രവർത്തനങ്ങൾ കോഴിക്കോട്, തൃശൂർ ആർ.എം.എസുകളിലേക്ക് മാറ്റും. ഇതോടെ തപാൽ ഉരുപ്പടികൾ മേൽവിലാസക്കാരന് കിട്ടാൻ ദിവസങ്ങൾ വൈകും.
തിരൂർ ഓഫിസ് പൂട്ടുന്നതോടെ രജിസ്റ്റേർഡ് തപാൽ ഉരുപ്പടികൾ തരം തിരിക്കുന്നത് കോഴിക്കോട് ആർ.എം.എസിലേക്ക് മാറ്റും. ഇവ മാറ്റിയാൽ പിന്നെ സാധാരണ കത്തുകൾ മാത്രമെ കൈകാര്യം ചെയ്യാനുണ്ടാവൂ. തുടർന്ന് കോഴിക്കോട്, തൃശൂർ ആർ.എം.എസുകളിൽ ലയിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഈ മാറ്റം നിലവിൽ വന്നാൽ മലപ്പുറം ഹെഡ് ഓഫിസിൽനിന്ന് അയക്കുന്ന രജിസ്റ്റേർഡ് കത്ത് തൊട്ടടുത്ത സ്ഥലങ്ങളിൽപോലും എത്താൻ, ആ കത്ത് കോഴിക്കോട് അല്ലെങ്കിൽ ചില ഘട്ടങ്ങളിൽ തൃശൂർ ആർ.എം.എസ് വരെ പോയി വരണം.
ജില്ലയിൽ തിരൂർ ആർ.എം.എസിന് കീഴിലെ തപാൽ ഓഫിസുകളിൽ ദിവസവും ശരാശരി മൂവായിരത്തഞ്ഞൂറോളം വീതം സ്പീഡ് പോസ്റ്റ് ഉരുപ്പടികളും രജിസ്റ്റേർഡ് ഉരുപ്പടികളും ബുക്ക് ചെയ്യുന്നുണ്ട്. തിരൂർ ആർ.എം.എസിന് ഇൻട്ര സർക്കിൾ ഹബ് എന്ന പദവി നൽകുകയാണ് വേണ്ടതെന്നും കത്തിൽ ഇ.ടി ചൂണ്ടിക്കാട്ടി. ആർ.എം.എസ് തിരൂരിൽ നിലനിർത്തുന്നതിന് കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.