തിരൂരങ്ങാടി: സർക്കാർ സ്ഥാപനങ്ങൾ നിർമിക്കാൻ സ്വന്തം സ്ഥലം വിട്ടുനൽകി മാതൃകയാവുകയാണ് ഒരു ജനപ്രതിനിധി. തെന്നല പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ കളംവളപ്പിൽ അബ്ദുൽ മജീദ് എന്ന കോറണാത്ത് മജീദാണ് വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് സ്ഥലം വിട്ടുനൽകിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായി കന്നിയങ്കത്തിനിറങ്ങി. അന്ന് പ്രകടനപത്രികയിൽ നൽകിയ ഓരോ സ്ഥാപനങ്ങളും യാഥാർഥ്യമാക്കുന്നതിന് വേണ്ടിയാണ് സ്ഥലം നൽകിയത്.
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിക്കാണ് ആദ്യം മൂന്ന് സെൻറ് സ്ഥലം നൽകിയത്. ഇവിടെ വേങ്ങര ബ്ലോക്ക് പഞ്ചായത്തിെൻറ പത്ത് ലക്ഷം ഫണ്ട് ഉപയോഗിച്ച് നിർമാണം നടക്കുകയാണ്.
പി.എച്ച്.സി സബ് സെൻറർ, ഹെൽത്ത് ക്ലബ്ബ്, പി.എസ്.സി പരിശീലന കേന്ദ്രം എന്നിവക്കായി ബഹുനില കെട്ടിടം നിർമിക്കാൻ അഞ്ച് സെൻറ് വീണ്ടും നൽകി. രണ്ട് സ്ഥലവും കൊടക്കല്ല് കുറ്റിക്കാട്ട്പാറ മൈത്രി റോഡിലാണ്. നിലവിൽ തെന്നല കുറ്റിപ്പാലയിലാണ് പി.എച്ച്.സിയുള്ളത്. ഇവിടെയുള്ള ജനങ്ങൾ ഏറെ ദൂരം താണ്ടി വേണം അവിടെയെത്താൻ. ഇത് കണക്കിലെടുത്താണ് സ്ഥലം വിട്ടുനൽകിയത്. കെട്ടിടനിർമാണം പൂർത്തിയാവുന്നത് വരെ സ്വന്തം കെട്ടിടത്തിലെ മുറികൾ നിലവിൽ സബ്സെൻറർ തുടങ്ങാനും ആരോഗ്യവകുപ്പിന് വിട്ട് നൽകിയിട്ടുണ്ട്.
കോവിഡ് മഹാമാരിയിൽ പാവപ്പെട്ടവർക്ക് കൈതാങ്ങായും അദ്ദേഹമുണ്ട്. സ്വന്തം വാർഡിലെ കിടപ്പുരോഗികൾക്ക് വേണ്ടി സ്വന്തമായി ആബുലൻസ് വാങ്ങി. അഞ്ഞൂറോളം ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു. വേനൽ മഴയിൽ പ്രതിസന്ധിയിലായ കപ്പകർഷകരിൽ നിന്നും 4000 കിലോ കപ്പ വാങ്ങി വാർഡിലെ ജനങ്ങൾക്ക് സൗജന്യമായി നൽകി കർഷകർക്ക് കൈതാങ്ങാവുകയും ചെയ്തു.
സ്ഥലം വിട്ട് നൽകിയതിലൂടെ മറ്റുള്ളവർക്കും പ്രചോദനം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അബ്ദുൽ മജീദ് പറഞ്ഞു. സൗദിയിൽ ബിസിനസാണ് അബ്ദുൽ മജീദിന്. ജനപ്രതിനിധിയായി തെരഞ്ഞെടുത്ത് ഒരു വർഷത്തിനുള്ളിൽ തന്നെ പ്രകടനപത്രികയിലെ മുഴുവൻ കാര്യങ്ങളും നടപ്പാക്കാൻ സാധിച്ചതിെൻറ സന്തോഷത്തിലാണ് അദ്ദേഹം. കളം വളപ്പിൽ മുഹമ്മദ്-ഖദീജഹജ്ജുമ്മ എന്നിവരുടെ മകനാണ്. ഭാര്യ: ഖദീജ. മക്കൾ: അജ്മൽ, ഖൈറുന്നീസ, അബ്ദുൽ വാജിദ്, മാജിദ സുൽത്താന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.