തിരൂർ: ‘ടീച്ചറേ, നിങ്ങൾ പോയാൽ ഇനി ഞങ്ങൾക്കാരാ പി.ടി. പിരിയഡിന് വരിക’?. പുറത്തൂർ ഗവ. യു.പി സ്കൂളിൽനിന്ന് ഇന്നലെ കായികാധ്യാപികയായി വിരമിച്ച ഉഷ ടീച്ചർക്ക് കുട്ടികളയച്ച കത്തുകളിലെ വരികളാണിത്. സ്കൂളിൽ കായികാധ്യാപകൻ ഇല്ലാതാകുന്നതിനെ തുടർന്നുണ്ടാകുന്ന കുട്ടികളുടെ സങ്കടങ്ങൾ വിവരിക്കുന്ന ആയിരത്തോളം കത്തുകളാണ് ഉഷക്ക് ലഭിച്ചത്.
20 വർഷത്തോളം കായികാധ്യാപികയായി മികച്ച സേവനമാണ് ഉഷ നൽകിയത്. എട്ട് വർഷത്തോളം തുടർച്ചയായി പുറത്തൂർ ഗവ. യു.പി സ്കൂളിന് തിരൂർ ഉപജില്ല കായികോത്സവങ്ങളിൽ ചാമ്പ്യൻഷിപ് നേടിക്കൊടുക്കാനായത് ടീച്ചറുടെ ശ്രമഫലമായാണ്. മികച്ച സൗകര്യങ്ങളുള്ള ഗ്രൗണ്ട് ഇല്ലാതെയാണ് ഈ നേട്ടങ്ങൾ കൊയ്തത്. ഉഷ ടീച്ചർ പരിശീലനം നൽകിയ പല വിദ്യാർഥികൾക്കും ദേശീയ തലത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കൂടാതെ, ഫുട്ബാൾ, വോളിബാൾ, ബാഡ്മിന്റൻ, കബഡി എന്നിവയിൽ പരിശീലനം നൽകാനായി ഉഷ ടീച്ചർ സ്റ്റാർ അക്കാദമിയും സ്ഥാപിച്ച് ധാരാളം കായിക പ്രതിഭകൾക്ക് പരിശീലനം നൽകി. ബി.പി അങ്ങാടി ഗവ. ഗേൾസ് ഹൈസ്കൂൾ, ഏഴൂർ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചാണ് ഉഷ പുറത്തൂരിലെത്തിയത്. ‘സ്മാഷ് 24’ എന്ന പേരിൽ വ്യത്യസ്തങ്ങളായ പരിപാടികളാണ് യാത്രയയപ്പിന്റെ ഭാഗമായി സ്കൂൾ പി.ടി.എ ഒരുക്കിയത്.
ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കായിക താരങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ കൂട്ടയോട്ടം, നാടൻകളികൾ, പൂർവ അധ്യാപക സംഗമം, കുട്ടികളുടെ കത്തെഴുത്ത് എന്നിവ ഇവയിൽ ചിലതാണ്. സഹപ്രവർത്തകർ മലേഷ്യയിൽ വെച്ചാണ് ടീച്ചർക്ക് യാത്രയയപ്പ് ഒരുക്കിയത്. വയനാട് മേപ്പാടി സ്വദേശി സുധീറാണ് ഭർത്താവ്. മകൾ ഹരിത സുധീർ ഡിസ്കസ് ത്രോയിൽ സംസ്ഥാന തലത്തിൽ സ്വർണം നേടിയ കായിക താരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.