തിരൂര്‍: ജില്ല ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം നടത്തിപ്പില്‍ അപാകതകള്‍ വ്യാപകം. ഡയാലിസിസ് യൂനിറ്റ് പരിശോധന റിപ്പോര്‍ട്ടിലും ഇൻസ്റ്റിറ്റ്യൂഷനല്‍ സ്റ്റോര്‍ വെരിഫിക്കേഷന് ഓഡിറ്റ് റിപ്പോര്‍ട്ടിലും ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും മൂന്നുമാസമായിട്ടും നടപടിയില്ല. 2013-2014 മുതല്‍ 2021 ഏപ്രിൽ 15 വരെ കാലയളവിൽ തിരൂര്‍ ജില്ല ആശുപത്രി ഡയാലിസിസ് യൂനിറ്റ് പരിശോധന റിപ്പോര്‍ട്ടിലും ഇൻസ്റ്റിറ്റ്യൂഷനല്‍ സ്റ്റോര്‍ വെരിഫിക്കേഷന് ഓഡിറ്റ് റിപ്പോര്‍ട്ടിലും കെണ്ടത്തിയ ക്രമക്കേടുകൾ സംബന്ധിച്ച് ജില്ല ആശുപത്രി സൂപ്രണ്ടിന് തെളിവ് സഹിതം പരാതി നല്‍കിയിട്ടും നടപടി നീളുകയാണ്.
ഓഡിറ്റ് റിപ്പോര്‍ട്ടിലെ ബന്ധപ്പെട്ട കാലയളവില്‍ ജില്ല ആശുപത്രിയില്‍ 71,454 ഡയാലിസിസുകളാണ് നടന്നത്. ജില്ല പഞ്ചായത്ത് വഴി ലഭിച്ച സാധനങ്ങള്‍ ഉപയോഗിച്ച് ചെയ്യാവുന്ന ഡയാലിസിസുകള്‍ മാത്രമാണിത്. എന്നാൽ, ഡയാലിസിസിനായി പല സാധനങ്ങളും സംഭാവനയായി ലഭിച്ചിരുന്നു. എന്തൊക്കെ സാധനങ്ങളാണ്, എത്രയെണ്ണം ലഭിച്ചു എന്നതിനൊന്നും ആശുപത്രിയിലെ സ്റ്റോര്‍ രേഖകളിലില്ല.
പണമായിട്ടാണോ സാധനങ്ങളായിട്ടാണോ കൈപ്പറ്റിയതെന്നും രേഖപ്പെടുത്തിയിട്ടില്ല. സംഭാവന ആവശ്യപ്പെടാനുള്ള സാഹചര്യമുണ്ടായിരുേന്നാ, ഉണ്ടെങ്കില്‍ തന്നെ ഇക്കാര്യം ആശുപത്രി മേധാവിയുടേയോ ഡയാലിസിസ് യൂനിറ്റ് ഇന്‍ ചാര്‍ജ് മെഡിക്കല്‍ ഓഫിസറുടേയോ അറിവോടെയാണോ എന്നത് സംബന്ധിച്ചും രേഖകളില്ല. സ്റ്റോക്ക് രജിസ്റ്റര്‍ രേഖകള്‍ പ്രകാരം ഒരു വര്‍ഷത്തിലധികം സാധനങ്ങള്‍ ഒന്നും സ്റ്റോക്ക് ഇല്ലാതിരുന്നിട്ടും കോഓഡിനേറ്റര്‍ ഇക്കാര്യം മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ്, ആര്.എം.ഒ, ആശുപത്രി സൂപ്രണ്ട് തുടങ്ങിയ മേലധികാരികളെ അറിയിച്ചിട്ടില്ലെന്നും രേഖകളില്‍ വ്യക്തമാണ്. അതേസമയം, ഇത്രയും കാലം ഇവിടെ ഡയാലിസിസുകളൊന്നും മുടങ്ങിയിട്ടുമില്ല. ഈ കാലയളവില്‍ ഡയാലിസിസുകള്‍ എങ്ങനെ മുടക്കമില്ലാതെ നടന്നുവെന്നത് അന്വേഷണ വിധേയമാക്കണമെന്നും ആശുപത്രി സൂപ്രണ്ടിന് ബന്ധപ്പെട്ടവര്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
എരിത്രോപോയിറ്റിന്‍ കുത്തിവെപ്പിനുള്പ്പെടെ രോഗികളില്‍നിന്ന് രേഖകളൊന്നുമില്ലാതെ തുക ഈടാക്കിയ സംഭവങ്ങളും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടും അധികൃതര്‍ ഗൗനിച്ചിട്ടില്ല. 2013 മുതല്‍ ജില്ല ആശുപത്രിയിലേക്ക് ഡയാലിസിസിന് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നത് രണ്ടത്താണിയിലെ ഒരു സ്വകാര്യ സ്ഥാപനമാണ്. തുടര്‍ച്ചയായി ഈ സ്ഥാപനത്തിന് തന്നെയാണ് ഇ ടെന്‍ഡര്‍ നല്‍കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡയലൈസർ എഫ് 6 മാത്രമാണ് ഡയാലിസിസ് യൂനിറ്റിൽ ഇക്കാലയളവിൽ വാങ്ങിയിട്ടുള്ളൂ. ഡയലൈസർ എഫ് 60 പോലുള്ളവ ആവശ്യമായി വരുമ്പോള്‍ രോഗികളെ കൊണ്ടുതന്നെ വാങ്ങിപ്പിക്കുകയാണ്. സൗജന്യ ഡയാലിസിസിനായി എല്ലാ വര്‍ഷവും ജില്ല പഞ്ചായത്ത് ഫണ്ട് ലഭ്യമാക്കുമ്പോഴാണ് രോഗികളെ കൊണ്ട് തന്നെ പണം െചലവഴിപ്പിക്കുന്നത്. ഡയാലിസിസ് യൂനിറ്റില്‍ ഉപയോഗിച്ച കാലിയായ റിയേജൻറ് ക്യാനുകള്‍ വില്‍ക്കുന്നതിലെ ക്രമക്കേട് അന്വേഷിക്കണമെന്ന പരാതി ലഭിച്ചിട്ടും അധികൃതര്‍ വിഷയം മറച്ചുവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.