തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഞായറാഴ്ച വരെയുള്ള കണക്ക് പ്രകാരം 41 കോവിഡ് രോഗികൾ ചികിത്സയിലുണ്ട്. 44 പേരെ കിടത്തിചികിത്സിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. 41 രോഗികളിൽ 20നടുത്ത് രോഗികൾക്ക് ഓക്സിജൻ സ്ഥിരമായി നൽകേണ്ടതുണ്ട്.
ഇതുവരെ പത്തിൽ താഴെ രോഗികൾക്കായിരുന്നു ഒാക്സിജൻ ആവശ്യമുണ്ടായിരുന്നത്. നിലവിൽ 20 വലിയ ഡി ടൈപ്പ് ഓക്സിജൻ സിലിണ്ടറിലാണ് കോവിഡ് സെൻറർ പ്രവർത്തിക്കുന്നത്. ഒരുരോഗിക്ക് 24 മണിക്കൂർ ഓക്സിജൻ നൽകണമെങ്കിൽ ഒരു ഡി ടൈപ്പ് സിലിണ്ടർ പൂർണമായും വേണം. ഈ കണക്ക് പ്രകാരം സ്ഥിരമായി ഓക്സിജൻ നൽകേണ്ടവരുടെ എണ്ണം 20ന് അടുത്തായതാണ് ഹോസ്പിറ്റൽ അധികൃതരെ ആശങ്കയിലാക്കിയിരിക്കുന്നത്. മറ്റുരോഗികൾക്കും ഇടവിട്ട് ഓക്സിജൻ നൽകേണ്ടതുണ്ട്.
ഓരോ സിലിണ്ടർ കഴിയുമ്പോഴും ചേളാരി പ്ലാൻറിൽ പോയി മണിക്കൂറുകൾ കാത്തിരുന്നാണ് നിറച്ചെത്തുന്നത്. സിലിണ്ടർ വർധിപ്പിക്കാൻ നിരന്തരം ഡി.എം.ഒയെ അറിയിക്കുന്നുണ്ടെങ്കിലും ഇതുവരെ പരിഹാരം ആയില്ലെന്ന് ഹോസ്പിറ്റൽ അധികൃതർ പറഞ്ഞു.
എൻ.ആർ.എച്ച്.എം വഴി 15 ചെറിയ സിലിണ്ടർ എത്തിച്ചെങ്കിലും അതുകൊണ്ട് ആശുപത്രി അത്യാഹിത വിഭാഗത്തിലെ താൽക്കാലിക ഉപയോഗമേ നടക്കുകയുള്ളൂ. കോവിഡ് കിടത്തി ചികിത്സക്ക് ഏകീകൃത ഓക്സിജൻ സംവിധാനയതിനാൽ വലിയ ഡി ടൈപ്പ് സിലിണ്ടർ തന്നെ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.