മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രി മുൻവശത്തെ കെട്ടിടം അടിയന്തരമായി മറ്റൊരു ഇടത്തേക്ക് മാറ്റുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെ. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, സ്ത്രീകളുടെയും കുട്ടികളുടെയും വാർഡുകൾ, 100ഓളം ബെഡുകൾ, മറ്റ് അനുബന്ധ സൗകര്യങ്ങൾ, പാർക്കിങ് അടക്കം മാറ്റാൻ ഒരു മാസത്തിലധികം സമയം വേണ്ടി വരും. നിലവിൽ ഏറെ തിരക്കുള്ള ആശുപത്രിയിൽ ഒ.പിയിൽ മാത്രം ദിനം പ്രതി 800ലധികം രോഗികളെത്തുന്നുണ്ട്. ആശുപത്രി കെട്ടിടം മാറ്റുമ്പോൾ ഇവയെല്ലാം ഉൾക്കൊള്ളുന്ന സംവിധാനം വേണ്ടി വരും.
നിലവിൽ സൗകര്യപ്രദമായ താൽക്കാലിക കെട്ടിടം കണ്ടെത്താൻ താലൂക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) നിയോഗിച്ച സബ് കമ്മിറ്റി പരിശോധന തുടരുകയാണ്. ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ പരി അബ്ദുൽ ഹമീദ്, വാർഡ് കൗൺസിലർ സി. സുരേഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് അജേഷ് രാജൻ എന്നിവരാണ് സബ് കമ്മിറ്റി അംഗങ്ങൾ. കെട്ടിടത്തിന്റെ പലഭാഗങ്ങളും നേരത്തെ അടർന്ന് വീണ സാഹചര്യത്തിൽ ദുരന്തമൊഴിവാക്കാൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുകയാണ് അധികൃതർക്ക് കത്ത് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എച്ച്.എം.സി ജൂൺ 28ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
കേന്ദ്ര സർക്കാറിന്റെ പ്രധാനമന്ത്രി ജൻ വികാസ് കാരിക്രമിൽ (പി.എം.ജെ.വി.കെ) 9.90 കോടി രൂപയാണ് കെട്ടിടത്തിനായി തുക അനുവദിച്ചിരിക്കുന്നത്. ഭിന്നശേഷി റാമ്പ്, ലിഫ്റ്റ് അടക്കമുള്ള നാല് നില കെട്ടിടമാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. പുതിയ കെട്ടിട നിർമാണം ആരംഭിക്കണമെങ്കിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിരാക്ഷേപ സാക്ഷ്യപത്രം (എൻ.ഒ.സി) ലഭിക്കണം. ഇത് ലഭിക്കാത്തത് കാരണം പുതിയ കെട്ടിട നിർമാണം നീണ്ട് പോകുകയാണ്. വിദ്യാഭ്യാസ വകുപ്പിൽനിന്നും എൻ.ഒ.സി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ കോട്ടപ്പടിയിൽ മലപ്പുറം ഗവ. കോളജാണ് പ്രവർത്തിച്ചിരുന്നത്. കോളജ് മുണ്ടുപറമ്പിലേക്ക് മാറ്റിയതോടെ കുന്നുമ്മലിൽ പ്രവർത്തിച്ചിരുന്ന ആശുപത്രി കോട്ടപ്പടിയിലേക്കും മാറ്റി. എന്നാൽ, ഭൂമിയുടെ ഉടമസ്ഥത വിദ്യാഭ്യാസ വകുപ്പിൽനിന്ന് ആരോഗ്യ വകുപ്പിലേക്ക് മാറ്റാതെ നിലനിർത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.