വള്ളുവമ്പ്രം: മാണിപറമ്പിൽ വെള്ളിയാഴ്ച രാവിലെ രണ്ട് കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നടുക്കം മാറാതെ നാട്ടുകാർ. രാവിലെ 10.40ഓടെ കുട്ടികളുടെ ചെറിയച്ഛൻ സുബേഷാണ് ഇരുവരെയും കാണാനില്ല എന്ന വിവരം മറ്റുള്ളവരെ അറിയിക്കുന്നത്.
കാണാതാവുന്നതിന് കുറച്ച് സമയം മുമ്പ് കുട്ടികൾ വീടിന് തൊട്ടടുത്ത ചെങ്കൽ ക്വാറിയുടെ സമീപത്തുണ്ടായിരുന്ന വിവരം അയൽവാസിയായ നൗഷാദലിയെ അറിയിച്ചതോടെ ഇരുവരും ക്വാറിയുടെ സമീപത്ത് തിരച്ചിൽ നടത്തി. തുടർന്നാണ് ക്വാറിയിലെ വെള്ളക്കെട്ടിന് സമീപം കുട്ടിയുടെ ചെരിപ്പ് കണ്ടത്. ഇതോടെ ഇരുവരും വെള്ളത്തിലിറങ്ങി തിരച്ചിൽ ആരംഭിച്ചെങ്കിലും രണ്ടാൾ ആഴമുള്ളതിനാൽ സഹോദരനായ ഉബൈദുല്ലയെ നൗഷാദലി ഫോണിൽ ബന്ധപ്പെട്ടു. അഞ്ച് മിനിറ്റിനകം സ്ഥലത്തെത്തിയ ഉബൈദുല്ല തിരച്ചിലിൽ നടത്തിയതോടെ ഇദ്ദേഹത്തിന് നാല് വയസ്സുകാരനായ ആദിദേവിനെ കണ്ടെത്താനായി.
വെള്ളക്കെട്ടിെൻറ ആഴവും ചളിയും തിരച്ചിൽ ദുഷ്കരമാക്കിയതിനാൽ തുടർന്നുള്ള തിരച്ചിലിന് സമീപത്ത് ജോലിയിലുണ്ടായിരുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ സഹായവും തേടി. കൂട്ടായ തിരച്ചിലിൽ അഞ്ച് മിനിറ്റിനകം തന്നെ അർച്ചനയെ കൂടെ കണ്ടെത്താനായി. ഇരുവരെയും ഉബൈദുല്ലയുടെ വാഹനത്തിൽ പൂക്കോട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും അടിയന്തര ചികിത്സക്കായി ഡോക്ടർമാർ മെഡിക്കൽ കോളജിലെത്തിക്കാൻ പറയുകയായിരുന്നു. ആംബുലൻസിലേക്ക് മാറ്റിയ കുട്ടികളെ 11 മണിയോടെ മഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അൽപംകൂടെ നേരേത്ത തിരച്ചിൽ നടത്തിയിരുന്നെങ്കിൽ ഒരുപേക്ഷ ഇരുവരുടെയും ജീവൻ രക്ഷിക്കാനായേനെ എന്ന വിഷമത്തിലാണ് ഉബൈദുല്ല. മഞ്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തശേഷം ഏേഴാടെ വീട്ട് വളപ്പിൽ സംസ്കരിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.