മലപ്പുറം: വ്യവസായ വകുപ്പിന്റെ അനുമതിയുടെ അടിസ്ഥാനത്തിൽ ജില്ലയിൽ ഒരുങ്ങുന്നത് രണ്ട് സ്വകാര്യ വ്യവസായ പാർക്കുകൾ. വകുപ്പിന്റെ എല്ലാ പരിശോധനകളും പൂർത്തിയാക്കി മാറഞ്ചേരിയിലും കോട്ടക്കലിലുമാണ് പാർക്കുകൾ തുടങ്ങാൻ അനുമതി നൽകിയത്.
നിലവിൽ വ്യവസായ വകുപ്പിന് കീഴിലുള്ള കുറ്റിപ്പുറം, കാരാത്തോട് ഇൻകെൽ, പയ്യനാട് വ്യവസായ പാർക്ക്, കാക്കഞ്ചേരി കിൻഫ്ര എന്നിവിടങ്ങളിലാണ് പാർക്കുകളുള്ളത്. ഇതിൽ കാരാത്തോട് ഇൻകെലിൽ ഒഴികെ ബാക്കിവരുന്ന സ്ഥലങ്ങളിലെല്ലാം പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സ്ഥലപരിമിതിയുണ്ട്.
സ്വകാര്യമേഖലയിൽ വ്യവസായ പാർക്കുകൾ വരുമ്പോൾ സംരംഭകർക്ക് സ്ഥാപനങ്ങൾ തുടങ്ങാൻ എളുപ്പമാകും. നിലവിൽ സ്വകാര്യ പാർക്കുകൾ തുടങ്ങാൻ അപേക്ഷകൾ വരുന്നുണ്ടെങ്കിലും പരിശോധന പൂർത്തിയാക്കിയവക്ക് മാത്രമാണ് അനുമതി നൽകുന്നത്.
ഭൂമിയുടെ ഉടമസ്ഥത, നികുതി, മറ്റു രേഖകൾ എല്ലാം കൃത്യമായവർക്ക് മാത്രമാണ് അനുമതി. വരുന്ന അപേക്ഷകൾ ജില്ല ജനറൽ മാനേജർ, കേരള വ്യവസായ അടിസ്ഥാന സൗകര്യ വികസന കോർപറേഷൻ (കിൻഫ്ര), കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെ.എസ്.ഐ.ഡി.സി), ചെറുകിട വ്യവസായ വികസന കോർപറേഷൻ (സിഡ്കോ), റവന്യൂ വകുപ്പ് എന്നിവരടങ്ങിയ ജില്ല കമ്മിറ്റി പരിശോധിക്കും.
തുടർന്ന് രേഖകൾ കൃത്യമായതിന് അനുമതിക്കായി സർക്കാറിന് സമർപ്പിക്കും. ഒരുപാട് അപേക്ഷകൾ വരുന്നുണ്ടെങ്കിലും രേഖകളിലെ വ്യക്തതക്കുറവ് അനുമതി നൽകുന്നതിന് തടസ്സമാകുന്നുണ്ടെന്ന് വ്യവസായ വകുപ്പ് അറിയിച്ചു.
10 ഏക്കർ ഭൂമിയുള്ളവർക്ക് പാർക്കിനും അഞ്ച് ഏക്കർ ഭൂമിയുള്ളവർക്ക് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിക്കും (എസ്.ഡി.എഫ്) അപേക്ഷ നൽകാം. വ്യക്തികൾ, ട്രസ്റ്റുകൾ, കൂട്ടു സംരംഭങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവർക്ക് സ്വകാര്യ വ്യവസായ പാർക്കുകൾ നടത്താം. ഏക്കർ ഒന്നിന് 30 ലക്ഷം രൂപ എന്ന നിരക്കിൽ പരമാവധി മൂന്നുകോടി രൂപ വരെയുള്ള ധനസഹായം സർക്കാർ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.