മലപ്പുറം: ഭിന്നശേഷിക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകാനുള്ള സ്വാവലംബൻ (യു.ഡി.ഐ.ഡി) വെബ് പോർട്ടലിലെ അപാകത കാരണം ജില്ലയിൽ പരിഹരിക്കാത്തത് 15,983 അപേക്ഷകൾ. വിഷയം പരിഹരിക്കാൻ കേരള സാമൂഹിക സുരക്ഷ മിഷൻ (കെ.എസ്.എസ്.എം) ഇടപെടാൻ വൈകുന്നതാണ് കാരണം. 2022-23 കാലയളവിൽ 17,000 ത്തോളം അപേക്ഷകളാണ് പരിഹരിക്കാനുണ്ടായിരുന്നത്. ഇവ ജില്ല ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നു. എന്നാൽ, 2024 മേയ് മുതൽ സ്വാവലംബൻ പോർട്ടൽ കേന്ദ്ര സർക്കാർ അപ്ഡേറ്റ് ചെയ്തു. തുടർന്ന് രണ്ട് മാസത്തേക്ക് പോർട്ടലിൽ ലോഗിൻ ചെയ്യാനോ, അപേക്ഷകൾ പരിശോധിക്കാനോ ആരോഗ്യ വകുപ്പിന് കഴിയാതെ വന്നു.
ഇതോടെ ജില്ലയിൽ മെഡിക്കൽ ബോർഡ് നടന്നിരുന്ന ഏഴ് താലൂക്കുകളിലും ബോർഡ് ചേർന്ന് അപേക്ഷകൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാനായില്ല. നേരത്തെ എല്ലാ അപേക്ഷകളും ജില്ല മെഡിക്കൽ ഓഫിസറുടെ ലോഗിനിലൂടെ കണ്ട് പരിശോധിക്കാൻ അവസരമുണ്ടായിരുന്നു. പുതിയ മാറ്റം വന്നതോടെ ഇത് നഷ്ടമായി. നിലവിലുള്ള ആകെ 15,983 അപേക്ഷകളിൽ 8,020 എണ്ണം മെഡിക്കൽ ബോർഡ് ചേർന്ന് പരിശോധിക്കേണ്ടതാണ്. 7,963 അപേക്ഷകളിൽ വിശദ പരിശോധന നടത്തേണ്ടതുണ്ട്.
ഇതിൽ ജില്ല മെഡിക്കൽ ഓഫിസർ 1,501 അപേക്ഷകളാണ് പരിഗണിക്കേണ്ടത്. ബാക്കി അപേക്ഷകൾ ഓരോ ഏരിയ തലങ്ങളിലെ മെഡിക്കൽ സൂപ്രണ്ടുമാരാണ് പരിഗണിക്കേണ്ടത്. എന്നാൽ പോർട്ടലിലെ അപാകത കാരണം ഇതിന് കഴിയുന്നില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അപേക്ഷ സമർപ്പിക്കുന്ന ഘട്ടത്തിൽ മെഡിക്കൽ ബോർഡ് ചേരുന്ന സ്ഥാപനങ്ങളുടെ പേര് കൃത്യമായി രേഖപ്പെടുത്തിയാൽ മാത്രമേ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് അപേക്ഷ കാണാനും നടപടി സ്വീകരിക്കാനും സാധ്യമാകൂവെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മെഡിക്കൽ ബോർഡ് ചേരാത്ത സ്ഥാപനങ്ങളുടെ പേര് രേഖപ്പെടുത്തിയാൽ അപേക്ഷകളിൽ നടപടിയെടുക്കാൻ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് വിവരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.