വളാഞ്ചേരി: വൈക്കത്തൂർ - മീമ്പാറ റോഡിൽ വൈക്കത്തൂരിലെ പ്രധാന വളവിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ആൾമറയില്ലാത്ത കിണറിന്റെ മുകൾവശം കോൺക്രീറ്റ് ചെയ്യാൻ നടപടി ആരംഭിച്ചു. വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, വൈക്കത്തൂർ എൽ.പി സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ നടന്നുപോവുന്ന റോഡിനോട് ചേർന്ന് ആൾമറയില്ലാത്ത കിണർ അപകട ഭീഷണി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ‘മാധ്യമം’ വ്യാഴാഴ്ച വാർത്ത നൽകിയിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഭൂവുടമയുമായി സംസാരിക്കുകയും വെള്ളിയാഴ്ച കിണറിന്റെ മുകൾവശം കോൺക്രീറ്റ് ചെയ്യുന്നതിന് മുന്നോടിയായുള്ള പ്രവൃത്തി ആരംഭിച്ചു. ദുരിതത്തിന് പരിഹാരം തേടി ‘ടീം വളാഞ്ചേരി’യും നേരത്തേ നഗരസഭക്ക് പരാതി നൽകിയിരുന്നു. വൈക്കത്തൂർ-മീമ്പാറ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ഒരു മീറ്റർ സ്ഥലം വിട്ടുനൽകാമെന്ന് ഭൂവുടമ നഗരസഭ ചെയർമാനെ അറിയിച്ചു.
കിണറിന് മുകളിൽ കോൺക്രീറ്റ് ചെയ്യുന്നതിന് മുന്നോടിയായുള്ള പ്രവർത്തനം വിലയിരുത്താൻ നഗരസഭ ചെയർമാന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.
ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ദീപ്തി ശൈലേഷ്, കൗൺസിലർ കെ.വി. ശൈലജ, കെ.ടി. ഇബ്രാഹിം, എ.പി. നിസാർ, വി.കെ. നൗഫൽ, വി.ടി. റഫീഖ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.