വളാഞ്ചേരി: എസ്.എസ്.എൽ.സി വിജയിക്കുക എന്ന അബ്ബാസലിയുടെ സ്വപ്നം യാഥാർഥ്യമായി. എല്ലു നുറുങ്ങുന്ന രോഗാവസ്ഥകൾക്കിടയിൽ കൈവിട്ടുപോയ വിദ്യാഭ്യാസമെന്ന സ്വപ്നമാണ് പത്താം തരം തുല്യതയിൽ മികച്ച വിജയത്തിലൂടെ പുതുക്കുടി വീട്ടിൽ അബ്ബാസലി കരേക്കാട് (32) തിരിച്ചുപിടിച്ചത്. വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ കേന്ദ്രത്തിൽ സ്ക്രൈബിെൻറ സഹായത്തോടെയാണ് ഭിന്നശേഷിക്കാരനായ അബ്ബാസലി പരീക്ഷ എഴുതിയത്.
പ്രസവിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കൈകാലുകൾ വളയുന്ന പ്രത്യേക അവസ്ഥയിലായിരുന്നു അബ്ബാസലി. ലോക്കോമോട്ടോർ ഡിസെബിലിറ്റി, മസ്കുലാർ ഡിസ്ട്രോഫി എന്നീ ഭിന്നശേഷികളെ അതിജീവിച്ചാണ് അബ്ബാസലി പഠിക്കാനിറങ്ങിയത്. സാക്ഷരത മിഷൻ നടത്തുന്ന നാലാംതരം തുല്യത ക്ലാസ് 2014ലും ഏഴാംതരം തുല്യത പരീക്ഷ 2017ലും വിജയകരമായി പൂർത്തീകരിച്ചതിനുശേഷമാണ് പത്താം തരം തുല്യത കോഴ്സിൽ ചേർന്നത്.
പരസഹായമില്ലാതെ പുറത്തിങ്ങാൻ കഴിയാതെ വീടിെൻറ അകത്തളങ്ങളിൽ കഴിഞ്ഞുകൂടുമ്പോഴും അബ്ബാസലിയുടെ ജീവിതത്തിലെ വലിയൊരാഗ്രഹമായിരുന്നു എസ്.എസ്.എൽ.സി നേടിയെടുക്കണമെന്നത്. മാതാപിതാക്കളായ കുഞ്ഞിമുഹമ്മദും നഫീസയും എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകിയിരുന്നു. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുകയെന്ന ലക്ഷ്യമുള്ള അബ്ബാസലി ജനസേവകേന്ദ്രം നടത്തുന്നുണ്ട്.
കരിപ്പോൾ ഗവ. ഹൈസ്കൂളിൽ ഞായറാഴ്ചകളിൽ നടത്തിയിരുന്ന പത്താംതരം തുല്യത സമ്പർക്ക ക്ലാസുകളിലൂടെയും ലോക്ഡൗൺ കാലത്ത് ഓൺലൈൻ ക്ലാസുകളിലൂടെയുമാണ് പഠനം നടത്തിയത്. സഹപാഠികളും അധ്യാപകരും പ്രോത്സാഹനങ്ങൾ നൽകി. യാത്ര അടക്കമുള്ള കാര്യങ്ങൾക്ക് സഹായങ്ങളുമായി സഹൃദയരായ സുഹൃത്തുക്കളും ചേർന്നു. വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ബി. നമിത്ത് ആയിരുന്നു പരീക്ഷയിൽ അബ്ബാസലിയുടെ സ്ക്രൈബ്. സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട വലിയൊരു സൗഹൃദ വലയം അബ്ബാസലിക്കുണ്ട്. ഇവരുടെയെല്ലാം പ്രോത്സാഹനവും സാമീപ്യവുമെല്ലാം തുടർ പഠനത്തിന് വലിയ പ്രചോദനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.