വളാഞ്ചേരി: പ്രാദേശിക ലീഗ് നേതൃത്വത്തിെൻറ നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് പ്രസിഡൻറും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന ടി.പി. മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എൽ.ഡി.എഫുമായി ചേർന്നത് ഇരുമുന്നണിയിലെയും പ്രവർത്തകരിൽ ആശയക്കുഴപ്പത്തിനിടയാക്കുന്നു.
നഗരസഭയുടെ സമഗ്ര വികസനത്തിനും അഴിമതിക്കുമെതിരെയുള്ള പോരാട്ടത്തിനായി പി.ഡി.പിയെ കൂടി ഉൾപ്പെടുത്തിയാണ് വളാഞ്ചേരി െഡവലപ്മെൻറ് ഫോറം (വി.ഡി.എഫ് ) എന്ന പേരിൽ ഇവർ പുതിയ സംഘടന രൂപവത്കരിച്ചത്. എൽ.ഡി.എഫിെൻറ പിന്തുണയോടെ 10 ഡിവിഷനുകളിൽ വി.ഡി.എഫ് സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. പ്രധാനമായും ലീഗ് സ്ഥാനാർഥികൾ മത്സരിക്കുന്ന ഡിവിഷനുകളിലാണ് വി.ഡി.എഫ് രംഗത്തുള്ളത്. നേരത്തെ ഐക്യമുന്നണി സ്ഥാനാർഥികളായി മത്സരിച്ചവരും യു.ഡി.എഫിെൻറ വിജയത്തിനായി മുമ്പ് പ്രവർത്തിച്ചവരും വി.ഡി.എഫിെൻറ പേരിൽ യു.ഡി.എഫിനെ തോൽപ്പിക്കാനാണ് ഇപ്പോൾ വോട്ട് ചോദിക്കുന്നത്. എൽ.ഡി.എഫിനെതിരെ ശക്തമായ നിലപാടെടുത്തവർക്ക് സീറ്റുകൾ വിട്ടു കൊടുത്തതിൽ സി.പി.എമ്മിലെ ഒരു വിഭാഗവും പ്രതിഷേധത്തിലാണ്.
അവരിൽ ചിലർ എൽ.ഡി.എഫിെൻറ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരം പ്രഖ്യാപിക്കുകയും പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങൾ ആവശ്യപ്പെട്ട രണ്ട് ഡിവിഷനുകളും ഏകപക്ഷീയമായി വി.ഡി.എഫിന് വിട്ടുകൊടുത്ത നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐയിലെ ഒരു വിഭാഗം ഇടഞ്ഞു നിൽക്കുകയാണ്. വിജയ സാധ്യതയുള്ള സീറ്റ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എൻ.സി.പി രംഗത്തു വരുകയും പ്രാദേശിക നേതാവ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെഷനിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്ന് എൻ.സി.പി ജില്ല നേതൃത്വം ഇടപെട്ട് എൻ.സി.പി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു.
കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ ഡിവിഷൻ നേടും–മുസ്ലിം ലീഗ്
വളാഞ്ചേരി: മൂന്നു തവണ മത്സരിച്ചവർക്ക് ഈ വർഷം സീറ്റ് അനുവദിക്കേണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിെൻറ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൽ ഇത്തവണ സീറ്റ് ലഭിക്കില്ലയെന്ന് മനസ്സിലാക്കിയാണ് ചിലർ യു.ഡി.എഫിനെതിരെ രംഗത്തുവന്നതെന്ന് മുസ്ലിം ലീഗ് മുനിസിപ്പൽ ജന. സെക്രട്ടറി സലാം വളാഞ്ചേരി പറഞ്ഞു. ലീഗിനെതിരെ തിരിഞ്ഞവർക്ക് സി.പി.എം സീറ്റ് നൽകിയതോടു കൂടി എൽ.ഡി.എഫിൽ കലാപം ആരംഭിച്ചിരിക്കുകയാണ്.
പരമ്പരാഗതമായി പാർട്ടി പ്രവർത്തനം നടത്തുന്ന പലർക്കും സി.പി.എം സീറ്റ് നിഷേധിച്ചു. രണ്ടോ മൂന്നോ വ്യക്തികൾ പാർട്ടിക്കെതിരെ തിരിഞ്ഞത് യു ഡി.എഫിെൻറ വിജയ സാധ്യതയെ ഒരു തരത്തിലും ബാധിക്കില്ലയെന്നും കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ ഡിവിഷൻ നേടി യു.ഡി.എഫ് ഭരണം നിലനിർത്തുമെന്നും സലാം പറഞ്ഞു.
ആരോപണം സിറ്റിങ്സീറ്റുകൾ നഷ്ടപ്പെടുമെന്ന ആശങ്കയിൽ –സി.പി.എം
വളാഞ്ചേരി: കഴിഞ്ഞ വർഷം എൽ.ഡി.എഫ് പരാജയപ്പെട്ട സീറ്റുകളാണ് പുതുതായി രൂപവത്കരിച്ച വളാഞ്ചേരി െഡവലപ്മെൻറ് ഫോറത്തിന് നൽകിയതെന്നും സ്ഥിരമായി വിജയിച്ചു വരുന്ന സീറ്റുകൾ നഷ്ടപ്പെടുമെന്ന ആശങ്കയാണ് പാർട്ടിക്കെതിരെ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർ ആരോപണം ഉന്നയിക്കുന്നതിെൻറ അടിസ്ഥാന കാരണമെന്നും സി.പി.എം ലോക്കൽ സെക്രട്ടറി എൻ. വേണുഗോപാൽ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞടുപ്പിൽ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തെത്തിയ മൈലാടി ഉൾപ്പെടെയുള്ള ഡിവിഷനുകൾ തിരിച്ചുപിടിക്കാനാണ് വി.ഡി.എഫ് സ്ഥാനാർഥികൾക്ക് എൽ.ഡി.എഫ് പിന്തുണ നൽകുന്നത്.
ഇടതു മുന്നണി സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്നവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.