വളാഞ്ചേരി: കോവിഡ് വ്യാപന ഭീഷണികൾക്കിടയിലും ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് വെള്ളച്ചാട്ടം കാണാനെത്തിയവർ പൊലീസ് വലയിലായി. ആതവനാട് പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അയ്യപ്പനോവ് മിനി വെള്ളച്ചാട്ടം കാണാൻ ദൂരദിക്കുകളിൽനിന്ന് എത്തിയ മുപ്പതോളം പേർക്കെതിരെയാണ് വളാഞ്ചേരി പൊലീസ് നിയമ നടപടി സ്വീകരിച്ചത്. 25 പേരിൽനിന്ന് പിഴ ഈടാക്കുകയും ആറ് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ പത്തോളം വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ഇരിമ്പിളിയം, കുറ്റിപ്പുറം, താനൂർ, കോട്ടക്കൽ പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വാഹനങ്ങളിൽ എത്തിയ യുവാക്കളാണ് പിടിക്കപ്പെട്ടവയിൽ ഏറെയും. അയ്യപ്പനോവ് സ്ഥിതിചെയ്യുന്ന ആതവനാട് ഗ്രാമപഞ്ചായത്തുൾപ്പെടെ വളാഞ്ചേരി സ്റ്റേഷൻ പരിധിയിലെ ഇരിമ്പിളിയം, എടയൂർ, ഗ്രാമപഞ്ചായത്തുകളും വളാഞ്ചേരി നഗരസഭയും ഡി കാറ്റഗറിയിലാണ്.
സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ്, സി.പി.ഒമാരായ അബ്ദുറഹ്മാൻ, കൃഷ്ണപ്രസാദ്, രാധാകൃഷ്ണപിള്ള എന്നിവരും എം.എസ്.പിയിലെ പൊലീസ് ഉദ്യോഗസ്ഥരായ ബൈജു, വിനോദ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. ഡി കാറ്റഗറിയിൽ ഉൾപ്പെട്ട സ്ഥലങ്ങളിലെ കുന്നിൻപുറങ്ങളിലും കുളങ്ങളിലും കോവിഡ് മാനദണ്ഡം ലംഘിച്ച് യുവാക്കൾ കൂട്ടംകൂടുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വളാഞ്ചേരി എസ്.എച്ച്.ഒ അഷ്റഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.