വളാഞ്ചേരി: ദേശീയപാത വട്ടപ്പാറ ഇറക്കത്തിൽ വാഹനങ്ങൾക്ക് അപകട ഭീഷണിയായി മരങ്ങൾ. വട്ടപ്പാറ സി.ഐ ഓഫിസിനു സമീപം മുതൽ ഇറക്കത്തിൽ റോഡിന് ഇടതു വശത്തായി കുന്നിൻചെരിവിലെ മരങ്ങളാണ് കടപുഴകി വീഴാവുന്ന അവസ്ഥയിലുള്ളത്. എല്ലാ വർഷക്കാലത്തും മരങ്ങൾ റോഡിലേക്ക് കടപുഴകി വീഴാറുണ്ട്. പലപ്പോഴും തലനാരിഴക്കാണ് വാഹനങ്ങളും യാത്രക്കാരും അപകടത്തിൽപ്പെടാതെ രക്ഷപ്പെടാറ്. ഇവ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്.
അക്കേഷ്യ മരങ്ങൾ നിൽക്കുന്ന ഭാഗത്തെ മണ്ണിടിഞ്ഞാണ് മരങ്ങൾ റോഡിലേക്ക് പതിക്കാറ്. മരങ്ങൾ റോഡിന് കുറുകെ വീണ് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സവുമുണ്ടാവാറുണ്ട്.
ശക്തമായ മഴയെ തുടർന്നുണ്ടാകുന്ന മണ്ണൊലിപ്പാണ് മരങ്ങൾ കടപുഴകി വീഴുന്നതിന് പ്രധാന കാരണം.
പൊലീസും ട്രോമാകെയർ വളൻറിയർമാരും നാട്ടുകാരുടെ സഹായത്തോടെ റോഡിൽ വീഴുന്ന മരങ്ങൾ മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിക്കാറ്. വർഷങ്ങൾക്കു മുമ്പ് സാമൂഹിക വനവത്കരണത്തിെൻറ ഭാഗമായാണ് വട്ടപ്പാറയിൽ അക്കേഷ്യ മരങ്ങൾ നട്ടത്. റോഡിനേക്കാൾ ഉയരത്തിലുള്ള സ്ഥലത്താണ് മരങ്ങൾ. മണ്ണിളകി നിൽക്കുന്ന അവസ്ഥയിലായതിനാൽ ഇവിടെയുള്ള മരങ്ങൾ ചെറിയ കാറ്റടിച്ചാൽ പോലും റോഡിലേക്ക് പതിക്കും. അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് നേരത്തെ റവന്യൂ അധികൃതർ ലേലം ചെയ്യുന്നത് ഉൾപ്പെടെ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.