വളാഞ്ചേരി/കോഴിക്കോട്: കോവിഡ് പോസിറ്റിവ് ആയതിനാൽ നാട്ടുകാർക്കും ബന്ധുക്കൾക്കും അവസാനമായി ഒരു നോക്കു കാണാനാകാതെ വളാഞ്ചേരി കൊളമംഗലം സ്വദേശി കാരാട്ട് വെള്ളാട്ട് സുധീർ വാരിയത്ത് യാത്രയായി. ഭാര്യ സുനിതയും ചേച്ചിയുമുൾപ്പെടെയുള്ള ചുരുക്കം പേരാണ് സംസ്കാര ചടങ്ങുകൾക്കായി കോഴിക്കോട്ടേക്ക് പോയത്.
ആറ് മാസം മുമ്പാണ് അവസാനം നാട്ടിൽ വന്നു പോയത്. കഴിഞ്ഞ മേയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നെന്നും പിന്നീട് മാറിയതാണെന്നും ബന്ധുക്കൾ പറയുന്നു. ആദ്യം രോഗം വന്ന് മാറിയതുകൊണ്ടാണ് പിന്നീട് നടത്തിയ പരിശോധനയിൽ പോസിറ്റിവ് കാണിക്കുന്നതെന്നും ബന്ധുക്കൾ പറയുന്നു. നേരത്തെ രോഗം മാറിയതിെൻറ സർട്ടിഫിക്കറ്റുകൾ ദുബൈയിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് വാങ്ങിയ ശേഷം ആശുപത്രി അധികൃതർക്ക് കൈമാറി.
എന്നാൽ രോഗം പിന്നീടും വരാൻ സാധ്യതയുണ്ടെന്നും അതിനാൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മാത്രമേ കൈകാര്യം ചെയ്യാനാകൂവെന്നും അധികൃതർ കുടുംബാംഗങ്ങളെ അറിയിച്ചു. മന്ത്രി കെ.ടി. ജലീൽ ഇടപെട്ടാണ് ഭാര്യക്ക് കാണാൻ അവസരമൊരുക്കിയത്. ദുബൈയിലെ ഓയിൽ കമ്പനിയിൽ അക്കൗണ്ട് ഓഫിസറാണ് . മാർച്ചിൽ നാട്ടിൽ വരാനിരുന്നതാണ്. 15 വർഷത്തോളമായി ഗൾഫിലാണ്. കോഴിക്കോട് മാങ്കാവ് സ്വദേശിയായ ഇദ്ദേഹം വളാഞ്ചേരിയിൽനിന്നാണ് വിവാഹം കഴിച്ചത്. വളാഞ്ചേരി കുളമംഗലത്ത് പുതിയ വീട് നിർമിച്ച് ഒരു വർഷമേ ആയിട്ടുള്ളു. ശ്രേയ മേനോൻ, ആദിത്യനാഥ് മേനോൻ എന്നിവരാണ് മക്കൾ. പിതാവ്: പരേതനായ പത്മനാഭ മേനോൻ. മാതാവ്: വിമല. മൃതദേഹം കോഴിക്കോട് നഗരസഭ മാവൂർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.