വളാഞ്ചേരി: വട്ടപ്പാറ പ്രധാന വളവിലെ സുരക്ഷ ഭിത്തിയുടെയും ഇരുമ്പു സുരക്ഷ വേലിയുടെയും തകർന്ന ഭാഗങ്ങൾ പുനർനിർമിക്കണമെന്നാവശ്യം ഉയരുന്നു. ദേശീയപാത 66ലെ അപകടകേന്ദ്രമായ വട്ടപ്പാറ വളവിൽ നിയന്ത്രണംവിട്ട് വരുന്ന വാഹനങ്ങൾ താഴേക്ക് പതിക്കാതിരിക്കാനാണ് സുരക്ഷ ഭിത്തിയും ഇരുമ്പു സുരക്ഷാവേലിയും സ്ഥാപിച്ചത്. ഇറക്കത്തിൽ നിയന്ത്രണംവിട്ട് വന്ന വലിയ വാഹനങ്ങൾ ഇടിച്ചാണ് ഇവ രണ്ടും തകർന്നത്. വാഹനങ്ങൾ മുഖ്യവളവിലെ 30 അടി താഴ്ചയിലേക്ക് മറിയുന്നത് ഒഴിവാക്കാനാണ് ഇവിടെ കരിങ്കല്ലിൽ സുരക്ഷഭിത്തി നിർമിച്ചത്.
പാചകവാതകവുമായി പോവുന്ന ടാങ്കർ ലോറികൾ താഴ്ചയിലേക്ക് മറിഞ്ഞ് വാതകചോർച്ച ഉൾപ്പെടെ സംഭവിക്കുന്നത് ഒഴിവാക്കാനും കരിങ്കല്ലിൽ തീർത്ത സുരക്ഷ ഭിത്തിക്ക് സുരക്ഷ പോരെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് പിന്നീട് അതിനോട് ചേർന്ന് ഇരുമ്പു സുരക്ഷ വേലി സ്ഥാപിച്ചത്. ഇവ സ്ഥാപിക്കപ്പെട്ടതിന് ശേഷം അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡരികിലാണ് മറിഞ്ഞിരുന്നത്. പല പ്രാവശ്യം വിവിധ ചരക്കുവാഹനങ്ങളുടെ ഇടിയേറ്റ് ഇവ രണ്ടും തകരുകയായിരുന്നു. ഉരുക്കുനിർമാണ സാമഗ്രികളുമായി പോവുകയായിരുന്ന കണ്ടെയ്നർ ലോറി ഒരു മാസം മുമ്പാണ് 30 അടി താഴ്ചയിലേക്ക് ഏറ്റവും ഒടുവിൽ മറിഞ്ഞത്.
അതിനുശേഷം മണൽ ചാക്കുകൾ നിരത്തിയാണ് അധികൃതർ ഇവിടെ 'സുരക്ഷ' ഒരുക്കിയിട്ടുള്ളത്. വട്ടപ്പാറ വളവ് സുരക്ഷിതമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.