വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ക്വാറൻറീൻ കേന്ദ്രത്തിലേക്ക് സമൂഹ അടുക്കള വഴി വിതരണം ചെയ്ത ഭക്ഷണത്തിെൻറ പണവും ഭക്ഷണം കൊണ്ടുപോയ വാഹന ചാർജും നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുടുംബശ്രീ നടത്തിപ്പുകാരിയും ഓട്ടോ ഡ്രൈവറും കുത്തിയിരുന്നു.
ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 27 വരെ കേന്ദ്രത്തിലേക്ക് നാല് നേരം ഭക്ഷണം നൽകിയ വകയിൽ മാത്രം മൂന്നര ലക്ഷത്തോളം രൂപയോളം 'രുചി' കുടുംബശ്രീക്ക് നൽകാനുണ്ട്. ഭക്ഷണം എത്തിച്ചു നൽകിയ വകയിൽ ബൈജു എന്ന ഓട്ടോ ഡ്രൈവർക്ക് 17,000 രൂപയും നൽകാനുണ്ട്.
വ്യാഴാഴ്ച രാവിലെ മുതൽ തന്നെ രുചി കുടുംബശ്രീയിലെ വത്സലയും ഡ്രൈവർ ബൈജുവും പഞ്ചായത്ത് അധികൃതരുമായി പണം നൽകുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. വൈകുന്നേരത്തിനുള്ളിൽ തീരുമാനം ആയില്ലെങ്കിൽ ഓഫിസിനുള്ളിൽ കുത്തിയിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അഞ്ചു മണിയായിട്ടും തീരുമാനം ആവാത്തതിനെ തുടർന്നാണ് ഇവർ പ്രതിഷേധിച്ചത്.
ഓഫിസിലേക്ക് കയറുന്ന പ്രധാന വാതിലിന് മുന്നിലായിരുന്നു പ്രതിഷേധം. ഇതിനാൽ ജീവനക്കാർക്ക് ഓഫിസ് അടക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബുരാജ് പട്ടയിൽ, കെ.വി. അജയ്ലാൽ എന്നിവർ സെക്രട്ടറി ദേവദാസുമായി സംസാരിച്ചതിെൻറ അടിസ്ഥാനത്തിൽ തൽക്കാലത്തേക്ക് കുറച്ചു പണം നൽകാൻ തീരുമാനമായി. ഇതേ തുടർന്ന് രാത്രി ഏഴോടെയാണ് ഇവർ സമരം അവസാനിപ്പിച്ചത്.
ഭക്ഷണം നൽകിയ വകയിൽ 50,000 രൂപയുടെയും വാഹനത്തിെൻറ നിരക്കായ 8,600 രൂപയുടെയും ചെക്ക് എഴുതി നൽകുകയും ചെയ്തു. വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതാണ് പണം നൽകുന്നത്തിന് കാലതാമസം വന്നതെന്ന് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.