വള്ളിക്കുന്ന്: തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനും ജനങ്ങളുടെ പരാതികൾ പരിഹരിച്ച് മുന്നോട്ടുപോവാനും സ്ഥിരം അദാലത്ത് സമിതി പ്രവർത്തനം തുടങ്ങി. ഓരോ 10 ദിവസത്തിലും സമിതി ചേരും വിധത്തിലാണ് പ്രവർത്തനം. ഗ്രാമപഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവയിൽനിന്ന് സമയബന്ധിതമായി ലഭിക്കേണ്ട കെട്ടിട നിർമാണ അനുമതി, കെട്ടിട നിർമാണ പൂർത്തീകരണം, ക്രമവത്കരണം, കെട്ടിട നമ്പറിങ്, വാണിജ്യ വ്യവസായ ലൈസൻസുകൾ, ജനന-മരണ-വിവാഹ രജിസ്ട്രേഷൻ എന്നീ വിഷയങ്ങളിലുള്ള പരാതികൾ പരിശോധിക്കാനും പരാതികൾക്ക് പരിഹാരം കാണാനുമാണ് സമിതി രൂപവത്കരിച്ചത്. അടുത്ത ഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ മറ്റ് സേവനങ്ങളിലും സമിതിയുടെ ഇടപെടലുണ്ടാവും.
സിറ്റിസൺസ് അസിസ്റ്റന്റ് എന്ന പേരിലാണ് സമിതി പ്രവർത്തിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ മുമ്പാകെ നൽകുന്ന അപേക്ഷയിൽ നിശ്ചിത സമയത്തിനകം നിയമാനുസൃതമായി തീർപ് ലഭിക്കാത്ത പക്ഷം പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള സംവിധാനമാണ് സിറ്റിസൺ അസിസ്റ്റന്റ്. പരാതികൾ ഓൺലൈനായാണ് നൽകേണ്ടത്. ഇതിനായി http://adalath.lsgkerala.gov.in വെബ്സൈറ്റും തുറന്നിട്ടുണ്ട്. നടപടി ക്രമങ്ങളും ഓൺലൈനായാണ് നടക്കുക. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിലാണ് സമിതികൾ പ്രവർത്തിക്കുക. ജില്ലയിൽ പദ്ധതിയുടെ ഭാഗമായി ആറ് ഉപജില്ല സമിതികളാണ് രൂപവത്കരിച്ചത്. സമിതി കൺവീനർ തദ്ദേശ വകുപ്പിലെ ഇന്റേണൽ വിജിലൻസ് ഓഫിസർമാരാണ്.
അംഗങ്ങളായി ഓരോ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയറും അസിസ്റ്റൻറ് ടൗൺ പ്ലാനറും ഉൾപ്പെടുന്നതാണ് സമിതികൾ. സമിതികൾ ഓരോ 10 ദിവസം കൂടുമ്പോഴും യോഗം ചേരും. പരാതികൾ ലഭിച്ചശേഷമുള്ള സമിതിയുടെ തൊട്ടടുത്ത യോഗത്തിൽ തന്നെ പരിഗണിക്കുകയും കഴിയുന്നതും ആദ്യ യോഗത്തിൽ തന്നെ തീർപ്പാക്കുകയും ചെയ്യണം. വിവരശേഖരണമോ വിദഗ്ധോപദേശമോ ആവശ്യമെങ്കിൽ രണ്ടാമത് യോഗത്തിൽ പരിഗണിക്കും. തീർപ് വിവരം ഹരജിക്കാരെയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തെയും ഓൺലൈനായി തീർപ്പാക്കിയ ദിവസം തന്നെ അറിയിക്കും. തീർപ്പിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനം സ്വീകരിച്ച നടപടി രേഖയാക്കി പരാമർശം ചേർത്ത് വിവരങ്ങൾ ഹരജിക്കാരനെയും തദ്ദേശ സ്ഥാപനത്തെയും ഓൺലൈനായി തന്നെ അറിയിച്ച് നടപടികൾ പൂർത്തിയാക്കും.
ജനങ്ങൾ നൽകുന്ന അപേക്ഷകളിൽ മുൻഗണന ക്രമം തെറ്റിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവും. ഉപജില്ല അദാലത്ത് സമിതി ഓരോ 10 ദിവസം കൂടുമ്പോഴും ജില്ല അദാലത്ത് സമിതി 15 ദിവസം കൂടുമ്പോഴും ചേരണം. ഉപജില്ലതല സമിതി റിപ്പോർട്ട് ഓരോ മാസവും ജില്ല ജോയന്റ് ഡയറക്ടർ സംസ്ഥാനതല സമിതിക്ക് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.