വള്ളിക്കുന്ന്: വേനലവധിയുടെ ആരവങ്ങൾ ഉയരുമ്പോൾ റോഡ് സുരക്ഷ പാഠങ്ങളുമായി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും. അവധിക്കാലവും തുടർന്നുള്ള അധ്യയന കാലവും അപകടരഹിതമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് വിവിധ ക്ലബുകളുടെ സഹകരണത്തോടെയാണ് കുട്ടികൾക്ക് റോഡ് സുരക്ഷ സന്ദേശമെത്തിക്കുന്നത്.
തിരൂരങ്ങാടി ജോ. ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈറാണ് റോഡ് സുരക്ഷ സന്ദേശങ്ങളും ലഹരി വിരുദ്ധ സന്ദേശങ്ങളും ഉൾക്കൊള്ളിച്ച പോസ്റ്ററുകൾ തയാറാക്കിയത്. കളിസ്ഥലങ്ങൾ, ക്ലബ് പരിസരങ്ങൾ, പ്രധാന ടൗണുകൾ എന്നിവിടങ്ങളിൽ ഇവ പ്രദർശിപ്പിക്കും. തിരൂരങ്ങാടി താലൂക്കുതല ഉദ്ഘാടനം വള്ളിക്കുന്നിൽ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജക്ക് പോസ്റ്റർ കൈമാറി ജോ. ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈർ ഉദ്ഘാടനം ചെയ്തു.
തുടർന്ന് കക്കാട് ടി.എഫ്.സി ക്ലബ്, കൊളപ്പുറം നവ കേരള ക്ലബ്, അരിപ്പാറ കളിക്കളം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ചെനക്കൽ, തെന്നല റിയൽ യൂത്ത് സെന്റർ തുടങ്ങിയ ക്ലബുകൾക്ക് ആദ്യഘട്ടത്തിൽ പോസ്റ്റർ കൈമാറി. മൂന്നു മാസം മുമ്പ് തിരൂരങ്ങാടി താലൂക്കിലെ കുടുംബങ്ങൾക്ക് റോഡ് സുരക്ഷ സന്ദേശമെത്തിക്കാൻ വിദ്യാലയങ്ങളിൽ സംഘടിപ്പിച്ച റോഡ് സുരക്ഷ പ്രദർശനം ജനശ്രദ്ധ ആകർഷിച്ചിരുന്നു. വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, മങ്ങാട്ട് ഷൗക്കത്തലി, പോക്കാട്ട് അബ്ദുറഹ്മാൻ, ഒ.സി. ബഷീർ അഹമ്മദ്, പി.കെ. സൽമാൻ തെന്നല, യാക്കൂബ് അരിപ്പാറ, അഫ്സൽ, മുഹമ്മദ് അലി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.