വള്ളിക്കുന്ന്: ഇരുകൈകളുമില്ലാതിരുന്നിട്ടും പ്ലസ്ടു പരീക്ഷയും കാലുകൾ കൊണ്ടെഴുതി ചരിത്രവിജയം കുറിച്ച് ദേവിക. വള്ളിക്കുന്ന് അത്താണിക്കൽ സി.ബി.എച്ച്.എസ്.എസ് വിദ്യാർഥിനിയായ ദേവിക എസ്.എസ്.എൽ.സി പരീക്ഷയിലും ഫുൾ എ പ്ലസ് നേടി ശ്രദ്ധ നേടിയിരുന്നു.
ജന്മനാ കൈകളില്ലാത്ത ദേവികയുടെ പഠനത്തെ അതൊന്നും ബാധിച്ചില്ല. പരീക്ഷയെഴുതാൻ സഹായിയെ വെക്കാമെങ്കിലും പ്ലസ്ടു പരീക്ഷയും കാൽ കൊണ്ട് തന്നെയെഴുതാൻ തീരുമാനിക്കുകയായിരുന്നു. എസ്.എസ്.എൽ.സിയിലെ ഉന്നതവിജയത്തെ തുടർന്ന് മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ദേവികയെയും കുടുംബത്തെയും ആദരിച്ചിരുന്നു.
കാലുകൊണ്ട് എഴുതാൻ പഠിപ്പിച്ചത് പിതാവ് ചോയിമഠത്തിൽ പാതിരാട്ട് സജീവും മാതാവ് സുജിതയുമാണ്. ചിത്രകാരി കൂടിയായ ദേവിക കാൽ കൊണ്ട് വരച്ച ചിത്രങ്ങളുടെ പ്രദർശനം കോഴിക്കോട് ആർട് ഗാലറിയിൽ നടന്നിരുന്നു. സിവിൽ സർവിസ് നേടുകയെന്നതാണ് ആഗ്രഹം. ഒലിപ്രംകടവ് സ്വദേശിയും തേഞ്ഞിപ്പലം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറുമാണ് പിതാവ് സി.പി. സജീവ്. സഹോദരൻ ഗൗതം തിരുത്തി എ.യു.പി സ്കൂൾ വിദ്യാർഥി. ദേവികയെ പി. അബ്ദുൽ ഹമീദ് എം.എൽ.എ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.