വള്ളിക്കുന്ന്: കേരളത്തിൽ എവിടെ കടലാക്രമണ ഭീഷണി മുന്നറിയിപ്പ് വന്നാലും വള്ളിക്കുന്ന് അരിയല്ലൂർ പരപ്പാൽ തീരദേശവാസികളായ മത്സ്യത്തൊഴിലാളികളുടെയുള്ളിൽ ആശങ്കയുടെ തിരയടിയാണ്. വർഷങ്ങൾക്ക് മുമ്പ് കടൽ കവർന്നെടുത്ത ടിപ്പു സുൽത്താൻ റോഡും തീരവും ഇന്നും തകർന്ന് കിടക്കുകയാണ്. റോഡ് പുനർനിർമിക്കാനോ കടൽ ഭിത്തി ഒരുക്കാനോ നടപടിയില്ലാത്തതിനാൽ ആശങ്കയോടെയാണ് ഒരോ കാലവർഷവും ഇവർ തള്ളി നീക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ നാളിത് വരെയുള്ള പ്രതിഷേധം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
തെങ്ങുകൾ ഉൾപ്പെടെയുള്ള തീരം വർഷങ്ങൾക്ക് മുമ്പ് തന്നെ കടലെടുക്കാൻ തുടങ്ങിയിരുന്നു. ആ സമയങ്ങളിൽ തന്നെ പ്രദേശത്ത് പുലിമുട്ടോ കടൽ ഭിത്തിയോ നിർമിക്കണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ അധികൃതരുടെ മുന്നിൽ എത്തിയിരുന്നു. എന്നാൽ, നേരത്തെ ഇവിടെയുണ്ടായിരുന്ന ആമ വളർത്തുകേന്ദ്രത്തിൽ എത്തുന്ന കടലാമയുടെ പേരിൽ സുരക്ഷ ഭിത്തികൾ നിർമിക്കാൻ നടപടി ഉണ്ടായില്ല. പിന്നീട് തുടരെ ഉണ്ടായ ശക്തമായ കടലാക്രമണത്തിൽ തീരവും 240ഓളം മീറ്റർ നീളത്തിൽ ടിപ്പുസുൽത്താൻ റോഡും പൂർണമായും കടലെടുത്തു. കടൽ ക്ഷോഭത്തിൽ വീടുകളിലേക്കും വെള്ളം ഇരച്ചെത്തി. ഇതിന്റെ ഭാഗമായി സ്ഥലം സന്ദര്‍ശിച്ച അന്നത്തെ എം.പി. അബ്ദുസ്സമദ് സമദാനി, പി. അബ്ദുൽ ഹമീദ് എം.എൽ.എ എന്നിവർ ജില്ല കലക്ടറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് അടിയന്തരമായി സുരക്ഷ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
തുടർന്ന് ജില്ല കലക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിർദേശം നൽകിയതിനെ തുടർന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ജിയോബാഗ് ഉപയോഗിച്ച് താൽക്കാലിക സുരക്ഷയും ഒരുക്കി. വർഷങ്ങളായി ശക്തമായ കടലാക്രമണം തുടരുന്ന അരിയല്ലൂർ പരപ്പാൽ ബീച്ചിൽ നിർമിച്ച ജിയോ ബാഗ് സംവിധാനവും വിലപോയില്ലെന്ന് മാത്രമല്ല സ്ഥാപിച്ച് മൂന്ന് മാസം കൊണ്ട് തന്നെ വിവിധ ഭാഗങ്ങളിൽ താഴ്ന്ന് പോവുകയും ചെയ്തു. പുലിമുട്ട് നിർമിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം അധികൃതർ ചെവിക്കൊള്ളാത്തയാണ് റോഡ് പൂർണമായും തകരാൻ ഇടയാക്കിയത്. റോഡ് തകർന്നതോടെ ഇവിടെയുള്ളവർ രണ്ട് ഭാഗങ്ങളിലായി. കാലവർഷം ശക്തമാവുന്നതിന് മുന്നോടിയായി കടൽഭിത്തി നിർമാണം എങ്കിലും പൂർത്തിയാക്കി കൂടുതൽ ഭാഗം കടലെടുക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
മാത്രമല്ല, പുതിയ തീരദേശ റോഡ് അതിർത്തി നിർണയിച്ചതും തകർന്നുകിടക്കുന്നതിനു സമീപത്തായാണ്. പുതിയ റോഡ് നിർമാണത്തിനും കരിങ്കൽ കെട്ടുകൾ അത്യാവശ്യമാണ്. ഇത് കൊണ്ട് തന്നെ തീരം സംരക്ഷിക്കാൻ അധികൃതർ തയാറാവണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.