വള്ളിക്കുന്ന്: മകളുടെ വിവാഹത്തിന് അതിഥികളായി എത്തിയവർക്ക് മാവിൻ തൈകൾ സമ്മാനമായി നൽകി വനം വകുപ്പ് ഉദ്യോഗസ്ഥൻ. മഹാരാഷ്ട്ര വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററായ എൻ. വാസുദേവന്റെ മകൾ ആതിരയുടെ വിവാഹത്തിന് എത്തിയവർക്കാണ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്ന് കൊണ്ടുവന്ന അൽഫോൻസൊ മാവിൻ തൈകൾ നൽകിയത്.
ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയൽ സ്ഥാപനങ്ങളുടെ ട്രസ്റ്റി എം. രേഖയുടെ മകൾകൂടിയാണ് ആതിര. പാലക്കാട് കൽപാത്തി ശ്രീലകത്തിലെ രമേശനുണ്ണി-പുഷ്കല ദമ്പതികളുടെ മകനും സുപ്രീംകോടതി അഭിഭാഷകനുമായ മുകുന്ദ് പി. ഉണ്ണിയാണ് വരൻ. രാമനാട്ടുകരയിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ഓരോ കുടുംബത്തിനും ഓരോ മാവിൻ തൈ എന്ന രീതിയിലാണ് വിതരണം ചെയ്തത്.
വിവാഹത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി. അബ്ദുൽ ഹമീദ് എം.എൽ.എ, മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, എ.പി. അനിൽ കുമാർ എം.എൽ.എ, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ, കേരള വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർമാരായ പി.കെ. കേശവൻ, നോയൽ തോമസ്, മാതൃഭൂമി ഡയറക്ടർ പി.വി. ഗംഗാധരൻ, സംവിധായകൻ സത്യൻ അന്തിക്കാട് എന്നിവർ സംബന്ധിച്ചു. ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയൽ സ്ഥാപനങ്ങളുടെ മാനേജിങ് ട്രസ്റ്റിയും നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജറുമായ എൻ.സി. പാർവതിയുടെ ചെറുമകൾകൂടിയാണ് വധുവായ ആതിര. ദേവകിയമ്മ ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ എം. നാരായണൻ അതിഥികൾക്ക് മാവിൻ തൈ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.