വള്ളിക്കുന്ന്: ഒരു കാലത്ത് കടലുണ്ടിപ്പുഴക്ക് കുറുകെ കടക്കാൻ യാത്രക്കാരുടെ ഏക ആശ്രയം കടത്തുതോണി മാത്രമായിരുന്നു. നിരവധി കടവുകളിലായിരുന്നു തോണിയാത്ര സൗകര്യം ഉണ്ടായിരുന്നത്. കാലക്രമേണ പാലങ്ങൾ വന്നതോടെ തോണിക്കടത്തും ഇല്ലാതായി.
എന്നാൽ, ഇപ്പോഴും ജില്ലയിൽ തോണിയാത്രയെ മാത്രം ആശ്രയിക്കുന്ന ഒരു പ്രദേശമാണ് ഇരുമ്പോത്തിങ്ങൽ കടവ്. തേഞ്ഞിപ്പലം-വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തുകളിലെ യാത്രക്കാർ കടലുണ്ടിപുഴ താണ്ടുന്നത് തോണിയിൽ കയറിയാണ്.
21 മാസമായി വേതനം ഇല്ലെങ്കിലും മുടങ്ങാതെ പുഴയിൽ തുഴ എറിഞ്ഞു യാത്രക്കാരെ ഇരുകരകളിലും എത്തിക്കുന്നത് പ്രദേശവാസി തയ്യിൽ ഹംസയാണ്. ഇരുഗ്രാമപഞ്ചായത്തുകൾക്കും കുറുകെയാണ് തോണി സർവിസ് എങ്കിലും വർഷങ്ങളായി കടത്തുകാരന് കൂലി നൽകുന്നത് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്താണ്.
എന്നാൽ, 21 മാസമായി കൂലി കിട്ടാതെ ദുരിതത്തിലാണ് ഹംസ. നേരത്തേ ഒരു വർഷത്തേക്ക് 60,000 രൂപയായിരുന്നു പഞ്ചായത്ത് നൽകിയത്. പിന്നീട് ഇത് 70,000 രൂപയാക്കി. എന്നാൽ ഇപ്പോൾ 90,000 രൂപ ആക്കിയെങ്കികും 21 മാസമായി ഈ തുക ലഭിക്കുന്നില്ലെന്ന് ഹംസ പറയുന്നു. ദിവസവും നിരവധി പേരാണ് തോണിയാത്രയെ ആശ്രയിക്കുന്നത്. നേരത്തേ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു. പിന്നീട് സമീപ പ്രദേശങ്ങളിൽ പാലം വന്നതോടെ പലരും സ്വന്തം വാഹനത്തിലായി യാത്ര.
എന്നാൽ, ഇപ്പോഴും തോണിയെ മാത്രം ആശ്രയിക്കുന്നവരുമുണ്ട്. പണം ലഭിച്ചില്ലെങ്കിലും സർവിസിന് ഒരു മുടക്കവും ഹംസ വരുത്തിയിട്ടില്ല. ഇരുമ്പോത്തിങ്ങലിൽ ഇരുകരകളെയും ബന്ധിപ്പിച്ച് റെഗുലേറ്റർ കം ബ്രിഡ്ജിന് പദ്ധതി ഉണ്ടായിരുന്നെങ്കിലും അത് കടക്കാട്ടുപാറയിലേക്ക് മാറ്റുകയായിരുന്നു. പുതിയ പാലം നിർമിക്കാനും നടപടിയില്ല. ഇതുകൊണ്ടുതന്നെ തോണി സർവിസ് മാത്രമാണ് ആശ്രയം. കടത്തുകൂലി ലഭിക്കാതെ കുടുംബം മുന്നോട്ട് കൊണ്ടുപോവാൻ പ്രയാസം നേരിടുകയാണ് ഹംസ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.