വള്ളിക്കുന്ന്: അപകടാവസ്ഥ മുൻനിർത്തി ഇരുമ്പോത്തിങ്ങൽ പാലം അടച്ചിട്ട് മാസങ്ങൾ. ഇതോടെ ആരംഭിച്ച യാത്രദുരിതം പരിഹരിക്കാൻ ഒരുവിധ നടപടിയും സ്വീകരിക്കാത്ത അധികൃതർക്കെതിരെ പരുത്തിക്കാട് ജനകീയ കൂട്ടായ്മ പാലത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, രണ്ടു മാസമായിട്ടും പ്രവൃത്തി തുടങ്ങിയിട്ടില്ല. ദൈനംദിന ആവശ്യങ്ങൾക്ക് കൂട്ടുമൂച്ചിയെയും അത്താണിക്കലിനെയും ആശ്രയിക്കേണ്ട സാധാരണക്കാരായ ജനങ്ങൾ കിലോമീറ്ററുകൾ നടന്നുപോകേണ്ട അവസ്ഥയാണ്. ചുരുങ്ങിയത് ഒരു മാസംകൊണ്ട് തീർക്കാവുന്ന പണികളേ ഇവിടെയുള്ളൂവെന്ന് നാട്ടുകാർ പറയുന്നു.
കൂട്ടുമൂച്ചി മുതൽ ശോഭന ജങ്ഷൻ വരെ ജൽ ജീവന് മിഷന്റെ പണികൾക്കു വേണ്ടി റോഡിന്റെ ഇരുവശവും കീറിയതും യാത്രദുരിതം വർധിപ്പിച്ചിരിക്കുകയാണ്. മാസങ്ങളോളമായി റോഡിന്റെ വശത്ത് വലിയ കുഴികൾ ഉണ്ടാക്കി നികത്താതെ വീണ്ടും കുഴിച്ചുകൊണ്ടിരിക്കുന്ന ജനദ്രോഹ നടപടിയാണ് ജൽജീവന്‍ മിഷൻ കരാറുകാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും നാട്ടുകാർ ആരോപിച്ചു.
ഇതിന് കുടപിടിക്കുന്ന അധികൃതരുടെ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളാണ് സമിതി ആലോചിക്കുന്നതെന്ന് ഉപരോധത്തിൽ സംസാരിച്ച വി.കെ. ശശിഭൂഷൺ, വി.കെ. നാരായണൻകുട്ടി എന്നിവർ അറിയിച്ചു.
ഒരാഴ്ചക്കകം റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ജൽജീവൻ മിഷന്റെ പ്രവൃത്തികൾ പൂർണമായി തടസ്സപ്പെടുത്താനാണ് സമിതിയുടെ തീരുമാനം. ഉപരോധ സമരത്തിന് കെ. ബിജു, പി. അഭിലാഷ്, കെ. മിഹ്റാജ്, സി. അനീഷ്, പി. നൗഷാദ്, പി. സാദിഖ്, എൻ.കെ. വിനയൻ, ജുനൈദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.