വള്ളിക്കുന്ന്: കൂട്ടുമൂച്ചി ശോഭന ജങ്ഷൻ റോഡില്‍ അഴുക്കുചാൽ അടച്ചുള്ള ജൽ ജീവന് മിഷന് പദ്ധതിയുടെ പൈപ്പിട്ടത് മൂലം സമീപവാസികളിൽ ആശങ്കക്കിടയാക്കുന്നു.
പൊതുമരാമത്ത് വകുപ്പ് നിർമിച്ച അഴുക്കുചാലിലാണ് വെള്ളം ഒഴിഞ്ഞുപോകാന്‍ പഴുതില്ലാത്ത വിധം പൈപ്പ് ലൈന്‍ സ്ഥാപിച്ച് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. കാലവർഷങ്ങളിൽ കടലുണ്ടിപ്പുഴ കര കവിഞ്ഞൊഴുകുന്ന വേളയിൽ ഈ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്. അശാസ്ത്രീയമായ പൈപ്പ് ലൈന്‍ പ്രവൃത്തി മൂലം ജനങ്ങള്‍ പൊടിയേറ്റ് രോഗികളായി മാറിയിട്ടും റോഡ് പണിയോ പൈപ്പ് ലൈന്‍ പണിയോ പൂര്‍ത്തിയാക്കാതെ അധികൃതര്‍ ജനങ്ങളെ ദ്രോഹിക്കുകയാണ് നാട്ടുകാർ ആരോപിച്ചു. ഇതിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും യു.ഡി.എഫ് പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ മാസം 15ന് റോഡ് പണി പൂർത്തീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പൈപ്പ് ലൈന്‍ പണി പോലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.
അടച്ച ഓവുപാലം അടിയന്തരമായി തുറക്കുകയും വെള്ളം ഒഴിഞ്ഞുപോവാന്‍ ആവശ്യമായ സൈഡ് ഡ്രെയിനേജ് നിർമിക്കണമെന്നും അരിയല്ലൂര്‍ യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. യു.ഡി.എഫ് അരിയല്ലൂര്‍ മേഖല ചെയര്മാന് കോശി തോമസ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പി.പി. അബ്ദുൽ റഹ്മാന് ഉദ്ഘാടനം ചെയ്തു. വി.എം. സെയ്ഫുദ്ദീന്‍, പി. ബാപ്പുട്ടി, ഇർഷാദ് അരിയല്ലൂർ, വി.പി. ജുമൈലത്ത്, ജുനൈസ് കരുമരക്കാട്, കെ. മുസ്ഥഫ, പി. കുഞ്ഞു, പി. ശംസീര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.