വള്ളിക്കുന്ന്: രാഷ്ട്രീയമോ മതമോ ലിംഗഭേദമോ നോക്കാതെ നാട്ടുകാരെ ഒറ്റക്കെട്ടായി രംഗത്തിറക്കി ജനകീയാസൂത്രണത്തിലൂടെ വള്ളിക്കുന്നിന്റെ പേര് വാനോളമുയർത്തിയ നേതാവായിരുന്നു യു. കലാനാഥൻ. വള്ളിക്കുന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം, നാട്ടുകാരെ രംഗത്തിറക്കി തോട് വെട്ടി വിപ്ലവം തീർത്തു. ‘ഉണരൂ... എഴുന്നേൽക്കു... കാട്ടുങ്ങൽ തോട്ടിലേക്ക് കുതിക്കൂ’ ഇതായിരുന്നു ആഹ്വാനം. നേരം വെളുത്തതോടെ നാടിന്റെ നാനാദിക്കുകളിൽ നിന്നുള്ളവർ കൈക്കോട്ടും മറ്റ് പണിയായുധങ്ങളുമായി വള്ളിക്കുന്ന് പഞ്ചായത്തിലെ കാട്ടുങ്ങൽ തോട്ടിൽ അണിനിരന്നു. രണ്ട് കിലോമീറ്ററോളം വരുന്ന തോടിന്റെ ഇരുവശങ്ങളിലും ഇടിഞ്ഞുകിടക്കുന്ന മണ്ണും മറ്റും നീക്കുന്ന പ്രവൃത്തി ആരംഭിച്ചു. മണിക്കൂറുകൾ അവർ തോളോട് തോൾ ചേർന്നപ്പോൾ കാട്ടുങ്ങൽ തോട്ടിൽ വീണ്ടും തെളിനീരൊഴൊകി. കലാനാഥൻ എന്ന പ്രസിഡന്റിലൂടെ ഒരു നാട് ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു. ജനകീയാസൂത്രണം എന്താണെന്നും എങ്ങനെയാവണമെന്നും അദ്ദേഹം കേരളത്തെ പഠിപ്പിച്ചു.
വള്ളിക്കുന്നിനെക്കുറിച്ച് പഠിക്കാൻ പിന്നീട് വിവിധ പഞ്ചായത്തുകളിൽ നിന്നും മറ്റും ആളുകൾ എത്തിക്കൊണ്ടിരുന്നു. വള്ളിക്കുന്നിൽ നടക്കുന്ന വികസന സെമിനാറുകളെക്കുറിച്ചറിയാനും പഠിക്കാനും തിരക്കേറി. സംസ്ഥാനത്ത് തന്നെ ആദ്യമായി വികസന സമിതി എന്ന ആശയം പ്രാവർത്തികമാക്കിയത് വള്ളിക്കുന്നിലാണ്. 50 വീടുകൾ ഉൾക്കൊള്ളുന്ന 112 അയൽക്കൂട്ടങ്ങളും 13 വാർഡുകളിലും വാർഡ് സമിതികളും രൂപീകരിച്ചു. പഞ്ചായത്ത് വികസന സമിതി നടത്തിയ സാമൂഹിക- സാമ്പത്തിക സർവേ, വിഭവ ഭൂപട സർവേ, നീരൊഴുക്ക് സർവേ, പൊതുവിവര സർവേ, വൈദ്യുതി സർവേ എന്നിവ വഴി ലഭിച്ച വിവരങ്ങൾ വികസന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി സാമ്പത്തിക ചെലവില്ലാതെ തികച്ചും ജനകീയമായാണ് സർവേകൾ സംഘടിപ്പിച്ചത്. പരിമിതമായ സാമ്പത്തിക സാഹചര്യത്തിലും ജനങ്ങളെ അണിനിരത്താനായാൽ വികസന മുന്നേറ്റം നടത്താമെന്ന് തെളിയിച്ച വള്ളിക്കുന്നിനായിരുന്നു രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള ആദ്യ സ്വരാജ് ട്രോഫി ലഭിച്ചത്.
വള്ളിക്കുന്ന്: യു. കലാനാഥന് അന്ത്യാഞ്ജലിയർപ്പിക്കാൻ പ്രമുഖരെത്തി. മുൻ എം.എൽ.എമാരായ വി. കെ.സി മമ്മത് കോയ, പുരുഷൻ കടലുണ്ടി, മലപ്പുറം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി. വസീഫ്, സി.പി.എം ജില്ല സെക്രട്ടറിമാരായ ഇ.എൻ. മോഹൻ ദാസ്, പി. മോഹനൻ, ജില്ല സെക്രട്ടറിയേറ്റംഗം വി.പി അനിൽ, കേളുവേട്ടൻ പഠന കേന്ദ്രം ഡയറക്ടർ കെ.ടി കുഞ്ഞിക്കണ്ണൻ, മത്സ്യഫെഡ് ചെയർമാൻ കൂട്ടായി ബഷീർ, സി.പി.എം ജില്ല കമ്മറ്റിയംഗം വി.പി സോമസുന്ദരൻ, മുൻ പ്രോസിക്യൂഷൻ ഡയറക്ടർ സി. ശ്രീധരൻ നായർ, കവി പി.കെ ഗോപി, പി. അബ്ദുൾ ഹമീദ് എം.എൽ.എ, ജില്ല പഞ്ചായത്തംഗം ആലിപ്പറ്റ ജമീല, സി.പിഎം വള്ളിക്കുന്ന് ഏരിയ സെക്രട്ടറി ഇ. നരേന്ദ്രദേവ്, കൊണ്ടോട്ടി ഏരിയ സെക്രട്ടറി പി.കെ മോഹൻദാസ്, നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി അബ്ദുൾ വഹാബ് , ഗ്രന്ഥശാല സംഘം സംസ്ഥാന എക്സിക്യൂട്ടീവംഗം എൻ. പ്രമോദ് ദാസ്, ജില്ല സെക്രട്ടറി കെ.കെ ബാലചന്ദ്രൻ, പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ. ഉസ്മാൻ, പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ഒ ശ്രീനിവാസൻ, അസൈൻ കാരാട്, എസ്.ടി യു സംസ്ഥാന സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ, പ്രോഗ്രസീവ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.കെ രാമകൃഷ്ണൻ, യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഒ.കെ മുരളീധരൻ തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു.
വള്ളിക്കുന്ന്: യു. കലാനാഥന്റെ വേർപാടിൽ സർവകക്ഷി യോഗം അനുശോചിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ഇ. നരേന്ദ്രദേവ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്, ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, കടലുണ്ടി പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ. ഭക്തവത്സലൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.കെ. അബ്ദുറഹിമാൻ, കെ.പി. മുഹമ്മദ് കുട്ടി, കൃഷ്ണൻ പാണ്ടികശാല, കെ. പുരം സദാനന്ദൻ, ടി.പി. വിജയൻ, സി.എം.കെ. മുഹമ്മദ്, യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് ഗംഗൻ അഴീക്കോട്, ജനറൽ സെക്രട്ടറി ടി.കെ. ശക്തിധരൻ, ഇരിങ്ങൽ കൃഷ്ണൻ, തൃദീപ് ലക്ഷ്മൺ, കെ. മണികണ്ഠൻ എന്നിവർ സംസാരിച്ചു. വി.പി. സോമസുന്ദരൻ സ്വാഗതവും ടി.വി. രാജൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.