വള്ളിക്കുന്ന്: ഏതുനിമിഷവും മരങ്ങൾ വാഹനങ്ങൾക്ക് മുകളിലേക്ക് കടപുഴകി വീഴുമെന്ന ആശങ്കയിലാണ് കോട്ടക്കടവ് ആനങ്ങാടി വഴി പരപ്പനങ്ങാടി ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ. വീഴാൻ പാകത്തിൽ ചെരിഞ്ഞു നിൽക്കുന്നത് കൂറ്റൻ ചീനി ഉൾപ്പെടെ മരങ്ങളാണ്.
വർഷങ്ങളോളം തണൽ നൽകിയ മരങ്ങളാണ് ഇപ്പോൾ യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറിയത്. ചെട്ടിപ്പടി മുതൽ കച്ചേരിക്കുന്ന് വരെ ഭാഗങ്ങളിൽ പൂഴി പ്രദേശമാണ്. അതുകൊണ്ട് തന്നെ മരം കടപുഴകാൻ സാധ്യത ഏറെണ്. ഒരാഴ്ചക്കുള്ളിൽ രണ്ടുമരങ്ങളാണ് കടപുഴകി വീണത്. റോഡരികിൽ ഉണങ്ങി നിൽക്കുന്ന മരങ്ങളും നിരവധിയാണ്. ആനങ്ങാടി റെയിൽവേ ഗേറ്റിനോട് ചേർന്നുള്ള ചീനിമരം നിലവിൽ ചാഞ്ഞ് അപകടാവസ്ഥയിലാണ്.
ട്രെയിൻ പോവാൻ റെയിൽവേ ഗേറ്റ് അടക്കുന്ന വേളകളിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ഇരുചക്ര വാഹനങ്ങൾ മരത്തിന് ചുവട്ടിലാണ് നിർത്തിയിടുന്നത്. കച്ചേരിക്കുന്നിലും നിരവധി മരങ്ങൾ ഇത്തരത്തിലുണ്ട്. ദുരന്തം ഉണ്ടായാൽ മാത്രമേ അധികൃതർ കണ്ണ് തുറക്കുകയുള്ളൂവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് അധികൃതർ അധികാരികൾക്ക് പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായില്ല. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പുകളുടെ സമീപവും കൂറ്റൻ ചീനിമരങ്ങൾ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.