വള്ളിക്കുന്ന്: തണ്ണീർത്തടം നികത്താൻ മണ്ണുമായെത്തിയ ടോറസ് ലോറി നാട്ടുകാർ തടഞ്ഞ് പൊലീസിലേൽപിച്ചു. വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂർ വില്ലേജിൽ ഉൾപ്പെട്ട മടവംപാടത്താണ് സംഭവം. അർധരാത്രി ഉൾപ്പെടെ ടിപ്പർ ലോറികളിൽ മണ്ണ് എത്തിക്കുന്നത് പതിവാണ്. ഇത്തരത്തിൽ ശനിയാഴ്ച പുലർച്ച അഞ്ചിന് മണ്ണുമായെത്തിയ ലോറിയാണ് നാട്ടുകാർ തടഞ്ഞുവെച്ചത്.
ഇവിടെ നേരത്തെ മണ്ണുമായെത്തിയ ലോറി തടഞ്ഞുനിർത്താൻ ശ്രമിക്കുന്നതിനിടെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കുമാറിന് നേരെ വാഹനം ഇടിപ്പിച്ചു അപായപ്പെടുത്താൻ നീക്കം നടന്നിരുന്നു. പ്രദേശത്ത് റോഡ് തകർന്ന് കിടക്കുകയാണ്. രാത്രി മണ്ണുമായി വാഹനങ്ങൾ എത്തുന്നത് കാരണം പ്രദേശവാസികൾക്ക് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും ആരോപണമുണ്ട്.
റോഡിന് ഇരുഭാഗത്തുമായി ഏക്കർ കണക്കിന് വയലുകളും തണ്ണീർത്തടങ്ങളുമാണ് നികത്തിയത്. ആർ.ഡി.ഒക്ക് ഉൾപ്പെടെ ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഒരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നികത്തൽ നടക്കുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.