വള്ളിക്കുന്ന്: മുഹമ്മദ് ഫാദിൽ ഇനിയൊരു ഓർമചിത്രം. കൂട്ടുകാരോടൊപ്പം കളിക്കാനും പഠിക്കാനും അഞ്ചാം ക്ലാസിൽ ഇനി അവൻ ഉണ്ടാവില്ല. ദേശീയ പാത അധികൃതരുടെ അശാസ്ത്രീയമായ നിർമാണമാണ് പുതിയ ബാഗും പുസ്തകവുമായി സ്കൂൾ തുറക്കുന്നതും കാത്തിരുന്ന മുഹമ്മദ് ഫാദിലിന്റെ ജീവനെടുത്തത്. പ്രളയ സമാനമായ രീതിയിൽ തോട്ടിൽ പെട്ടെന്ന് വെള്ളം ഉയർന്നതാണ് 11 കാരന്റെ ജീവൻ എടുത്തത്. ഒഴുക്കിൽപ്പെട്ട ഫാദിലിന്റെ മൃതദേഹം പിറ്റേ ദിവസമാണ് ലഭിച്ചത്. പുതുതായി നിർമിച്ച ദേശീയ പാതയിൽനിന്ന് മഴ വെള്ളം വീടുകളിലേക്കും പറമ്പുകളിലേക്കും അശാസ്ത്രീയമായാണ് ഒഴുക്കി വിടുന്നതെന്ന് നേരത്തെ പരാതിയുള്ളതാണ്. ചേലേമ്പ്രയുടെ വിവിധ ഭാഗങ്ങളിലായി നിരവധി തോടുകൾ ആണ് ഉള്ളതെന്നതും വിദ്യാർഥികൾ ഇതുവഴിയാണ് സ്കൂളിലേക്ക് പോകേണ്ടതെന്നതും രക്ഷിതാക്കളുടെ പേടി സ്വപ്നമാണ്.
നാലാം ക്ലാസിലെ അവസാന നാളുകളിൽ കൂട്ടുകാരോടൊപ്പം എടുത്ത ഫോട്ടോ എല്ലാവർക്കും കൊടുക്കാൻ ക്ലാസ് അധ്യാപകനായ എ. മുഹമ്മദ് അസ്കർ ഫ്രെയിം ചെയ്ത് വെച്ചിരുന്നു. സ്കൂൾ പ്രേവേശനോത്സവ ദിവസം തന്റെ കുട്ടികൾക്ക് കൊടുക്കാനുള്ള ആ തീരുമാനം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ് അദ്ദേഹം. ഫാദിൽ പഠിക്കാൻ മിടുക്കൻ ആയിരുന്നെന്നും സ്കൂൾ ഗ്രൂപ്പ് ഫോട്ടോ തന്റെ സമ്മാനമായി തരുമെന്ന് പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ആഹ്ലാദിച്ചത് ഫാദിൽ ആയിരുന്നുവെന്നും മുഹമ്മദ് അസ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.