വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽപെട്ട തിരുത്തി പ്രദേശത്ത് വ്യാപകമായി വയൽ നികത്തുന്നു. ജില്ല കലക്ടർ, ആർ.ഡി.ഒ, തിരൂരങ്ങാടി തഹസിൽദാർ, വള്ളിക്കുന്ന് വില്ലേജ് ഓഫിസർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നാട്ടുകാർ പരാതി നൽകി. ഒലിപ്രംകടവ് തിരുത്തി റോഡിൽനിന്ന് കൊളക്കുത്ത് ഭാഗത്തേക്ക് പോവുന്ന റിങ് റോഡിൽ ചാലിപ്പാടം കീരൻവല്ലി തോടിന് സമീപത്തെ 80 സെന്റോളം വരുന്ന വയലാണ് വ്യാപകമായി നികത്തിയത്. 10 ഏക്കറോളം വരുന്ന വയൽ കൂടി നികത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. രാത്രി ഉൾപ്പെടെ ടിപ്പർ ലോറികളിലാണ് വൻ തോതിൽ ചെമ്മണ്ണ് എത്തിക്കുന്നത്.
തരംമാറ്റത്തിന് നൽകിയ അപേക്ഷ നിരസിച്ചുവെങ്കിലും റവന്യൂ അധികൃതരുടെ ഒത്താശയോടെയാണ് നികത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. കപ്പേപാടം എന്ന വയൽ പ്രദേശത്തിന്റെ വടക്ക് ഭാഗത്തായാണ് വയൽ നികത്തുന്നത്. ഇതുകൊണ്ടുതന്നെ പ്രദേശത്ത് നിന്നുള്ള നീരൊഴുക്ക് തടസ്സപ്പെടുത്തിയാണ് മണ്ണിട്ട് നികത്തിയത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അതിർത്തിയിലാണ് ഇത്തരത്തിൽ വയൽ നികത്തൽ.
മാത്രമല്ല, പരിസരത്ത് തന്നെ വള്ളിക്കുന്ന്, ചേലേമ്പ്ര പഞ്ചായത്തുകളിലെ 300ഓളം കുടുംബാംഗങ്ങൾക്കുള്ള കുടിവെള്ള പദ്ധതിയുടെ കിണറുകളും സ്ഥിതി ചെയ്യുന്നുണ്ട്. വേനൽക്കാലങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ്. വയൽ നികത്തുന്നതോടെ വരുംവർഷങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാവുമെന്നും നാട്ടുകാർ പറഞ്ഞു.
വയൽ നികത്തുന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടും വിവിധ രാഷ്ട്രീയ പാർട്ടികളും മൗനം പാലിക്കുകയാണ്. 2008ലെ നെൽവയൽ തണ്ണീർത്തടനിയമം ഉപയോഗിച്ച് എത്രയും വേഗം നെൽവയൽ പൂർവസ്ഥിതിയിലാക്കാൻ നടപടി എടുക്കണമെന്ന് നാട്ടുകാർ ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.