വള്ളിക്കുന്ന്: മണ്ഡലത്തിലെ ഗ്രാമീണ മേഖലയിൽ യാത്രാസൗകര്യം വർധിപ്പിക്കാൻ കർമ പദ്ധതി തയാറാക്കുന്നു. ഇതിന് വേണ്ടി ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വകുപ്പ്തല ഉദ്യോഗസ്ഥരുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ബ്ലോക്ക് പ്രസിഡൻറുമാർ, കൊണ്ടോട്ടി, തിരൂരങ്ങാടി ജോയന്റ് ആർ.ടി.ഒ എന്നിവരുടെ യോഗം എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരും. ജനസദസ്സ് സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയാണ് യോഗം. തേഞ്ഞിപ്പലം പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് യോഗം നടക്കുക.
ഗ്രാമീണ റൂട്ടുകളിൽ നിർത്തിവെക്കപ്പെട്ട ബസ് സർവിസ് പുനഃരാരംഭിക്കുന്നതിനും പുതിയ സർവിസുകളും റൂട്ടുകളും തുടങ്ങുന്നത് പരിശോധിച്ച് മാർഗരേഖ തയാറാക്കുന്നതിനെ കുറിച്ചും ഇന്ന് നടക്കുന്ന യോഗം ചർച്ച ചെയ്യും. എം.എൽ.എ ചെയർമാനും ജോ. ആർ.ടി.ഒ കൺവീനറുമായ മണ്ഡലംതല സമിതിയാണ് ഇതിനുള്ളത്.
എല്ലാ പഞ്ചായത്തിലും ജനസദസ്സ് സംഘടിപ്പിച്ച് അതിൽ ഉയർന്ന് വരുന്ന ആവശ്യങ്ങൾ പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. യോഗത്തിൽ ജനസദസ്സ് വിളിച്ച് കൂട്ടാൻ പഞ്ചായത്ത് പ്രസിഡൻറുമാർക്ക് നിർദേശം നൽകും. പഞ്ചായത്ത്തല ജനസദസ്സിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പ്രധാനപ്പെട്ട സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ, റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ, ക്ലബ് ഭാരവാഹികൾ തുടങ്ങിയവരെ പങ്കെടുപ്പിക്കും. ജനസദസിൽനിന്ന് ഉയർന്ന് വരുന്ന മാർഗ നിർദേശങ്ങൾ മണ്ഡലം തലത്തിൽ ക്രോഡീകരിച്ച് ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറും. മോട്ടോർ വൈഹിക്കിൾ വിഭാഗം ആവശ്യമുള്ള റൂട്ടുകളുടെ സാധ്യത പരിശോധിച്ച് ട്രാൻസ്പോർട്ട് കമീഷന് കൈമാറാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.