വള്ളിക്കുന്ന്: കാലവർഷമെത്തിയതോടെ വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂർ പരപ്പാൽ തീരത്ത് വീണ്ടും ആശങ്കയുടെ തിരയടി. കടലാക്രമണ ഭീഷണിയിലാണ് പ്രദേശ വാസികൾ. കുറച്ചു ദിവസങ്ങളിലായി പ്രദേശത്ത് വിവിധ ഭാഗങ്ങളിൽ കടൽ വെള്ളം വീട്ടു മുറ്റത്തേക്ക് വരെ എത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ശക്തമായ കടലാക്രമണത്തിലാണ് തീരദേശത്തെ തെങ്ങുകൾ ഉൾപ്പെടെയുള്ള തീരം കടലെടുക്കാൻ തുടങ്ങിയത്.
കടലാക്രമണം ഉണ്ടാവുന്ന വേളയിൽ തന്നെ സ്ഥലത്തെത്തുന്ന ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരോട് പ്രേദേശത്ത് പുലിമുട്ടൊ കടൽ ഭിത്തിയോ നിർമിക്കണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ രംഗത്ത് എത്തിയെങ്കിലും ആശ്വാസ വാക്കുകൾ മാത്രമാണ് ഇവരിൽ നിന്ന് ഉണ്ടായതെന്ന് നാട്ടുകാർ ആരോപിച്ചു.
തുടർച്ചയായി ഉണ്ടായ ശക്തമായ കടലാക്രമണത്തിൽ തീരവും 240 മീറ്റർ നീളത്തിൽ ടിപ്പുസുൽത്താൻ റോഡും പൂർണമായും കടലെടുത്തു. കടൽ ക്ഷോഭത്തിൽ വീടുകളിലേക്കും വെള്ളം ഇരച്ചെത്തുകയും ചെയ്തു.
പ്രതിഷേധങ്ങൾകൊടുവിൽ ജിയോബാഗ് ഉപയോഗിച്ച് താത്കാലിക സുരക്ഷയും ഒരുക്കി. എന്നാൽ വർഷങ്ങളായി ശക്തമായ കടലാക്രമണം തുടരുന്ന അരിയല്ലൂർ പരപ്പാൽ ബീച്ചിൽ നിർമിച്ച ജിയോ ബാഗ് സംവിധാനവും വില പോയില്ലെന്ന് മാത്രമല്ല സ്ഥാപിച്ചു മൂന്ന് മാസം കൊണ്ട് തന്നെ ഇവ വിവിധ ഭാഗങ്ങളിൽ താഴ്ന്ന് പോവുകയും ചെയ്തു.
ഇപ്പോൾ നാമമാത്രമായ ജിയോബാഗുകൾ ആണ് ഇവിടെയുള്ളത്. ദുരന്ത നിവാരണ അതോറിറ്റിയിൽനിന്ന് അനുവദിച്ച 29 ലക്ഷം രൂപ ചെലവിലാണ് ജിയോ ബാഗുകൾ സ്ഥാപിച്ചത്. ഇപ്പോൾ ചെറിയ തിരമാലകൾ തന്നെ കരയിലേക്ക് കയറുന്ന അവസ്ഥയാണ്.
കാലവർഷം ശക്തമാവുന്നതോടെ വെള്ളം വീടുകളിലേക്ക് ഇരച്ചെത്താനും സാധ്യത കൂടുതലാണ്. പ്രദേശത്ത് പുലിമുട്ട് നിർമിക്കണമെന്നാണ് വർഷങ്ങളായി മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ഇത് അധികൃതർ ചെവികൊള്ളാതായതോടെയാണ് റോഡ് പൂർണമായും തകരാൻ ഇടയാക്കിയത്. കടലാക്രമണത്തെ ചെറുക്കാൻ നിർമിച്ച ജിയോ ബാഗും നോക്കുകുത്തിയതോടെ ആശങ്കയിലാണ് പ്രേദേശ വാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.