വള്ളിക്കുന്ന്: കൂട്ടുമൂച്ചി -അത്താണിക്കൽ പി.ഡബ്ല്യു.ഡി റോഡിലെ ഇരുമ്പോത്തിങ്ങൽ പാലം മുന്നറിയിപ്പില്ലാതെ അധികൃതർ അടച്ചു. ഇതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. ചാലിക്കൽ തോടിന് കുറുകെ നിർമിച്ച പാലത്തിന് മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുണ്ട്. പാലത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് നേരത്തേ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. അപകടാവസ്ഥ കണ്ടില്ലെന്ന് നടിച്ച് റോഡ് മാത്രം നവീകരണം നടത്താനുള്ള ഒരുക്കത്തിലായിരുന്നു അധികൃതർ.
വർഷങ്ങൾക്ക് മുമ്പുതന്നെ പാലത്തിന്റെ കോൺക്രീറ്റ് അടർന്ന് കമ്പികൾ തുരുമ്പെടുത്ത് പുറത്തുകാണുന്ന നിലയിലായിരുന്നു. നബാർഡ് ഫണ്ട് ഉപയോഗിച്ചുള്ള റോഡ് നവീകരണ പ്രവൃത്തി ഒരു വർഷം മുമ്പുതന്നെ ആരംഭിച്ചിരുന്നു. മഴ പെയ്തതോടെ നവീകരണത്തിനായി പാകിയ മെറ്റലുകൾ പലഭാഗത്തും ഇളകി മാറിയ നിലയിലാണ്.
പലഭാഗത്തും കുഴികളും രൂപപ്പെട്ടിരുന്നു. ഇതിനിടയിലാണ് പുനർ നിർമിക്കുന്നതിന്റെ മുന്നോടിയെന്ന നിലയിൽ പാലം അടച്ച് ഗതാഗതം നിരോധിച്ചത്. ബദൽ സംവിധാനം ഒരുക്കാതെ റോഡ് അടച്ചത് വിദ്യാർഥികളടക്കം നിരവധി പേർക്ക് ദുരിതമായി. വേനലവധിക്കായി സ്കൂൾ അടച്ച സമയത്ത് പുനർ നിർമാണം നടത്തിയിരുന്നുവെങ്കിൽ കുട്ടികൾക്ക് ഇത്ര ദുരിതമാവില്ലായിരുന്നു. ഇതുവഴി സർവിസ് നടത്തുന്ന മിനി ബസ് ജീവനക്കാരെയും ഇത് ബാധിച്ചിട്ടുണ്ട്.
പരപ്പനങ്ങാടി ഉള്ളണം വഴി കോട്ടക്കടവ്, ഫറോക്ക് എന്നിവിടങ്ങളിലേക്ക് നിരവധി ബസുകൾ ഓടുന്നുണ്ട്. പാതി വഴിയിൽ സർവിസ് നിർത്തേണ്ട ഗതികേടിലാണ് ഇവരിപ്പോൾ. കലക്ഷനിലും വൻ ഇടിവാണ് ഉണ്ടായിട്ടുള്ളത്. തോടിന് കുറുകെ താൽക്കാലിക സംവിധാനം ഒരുക്കി പാലം പുതുക്കിപ്പണിയുന്നതിന് പകരം പൂർണമായും അടച്ചതാണ് ദുരിതമായത്. ഇരുമ്പോത്തിങ്ങൽ കാട്ടുമൂച്ചി അത്താണിക്കൽ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ചേളാരി-മാതാപ്പുഴ റോഡ്, വള്ളിക്കുന്ന്-റെയിൽവേ സ്റ്റേഷൻ റോഡ്, ചേളാരി -പരപ്പനങ്ങാടി റോഡ് എന്നിവയിലൂടെ തിരിഞ്ഞുപോകണമെന്നാണ് അസി. എൻജിനീയറുടെ അറിയിപ്പിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.