വള്ളിക്കുന്ന്: വള്ളിക്കുന്നിൽ വീടിന് തീപിടിച്ച് വ്യാപക നാശം. കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്നവർ രക്ഷപ്പെട്ടത് തലനാരിഴക്ക്. അത്താണിക്കൽ ചോപ്പൻ കാവിന് സമീപത്തെ കൊട്ടാക്കളത്തിൽ ചന്ദ്രെൻറ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. ഞായറാഴ്ച രാത്രി 12ഓടെയാണ് സംഭവം.
ചന്ദ്രനും ഭാര്യയും ഒരു പേരക്കുട്ടിയും താഴെയുള്ള മുറിയിലും മകൻ ചന്ദ്രേഷും ഭാര്യയും 10 വയസ്സുകാരിയായ മറ്റൊരു മകളും മുകൾ നിലയിലെ മുറിയിലുമാണ് കിടന്നുറങ്ങിയത്. ജനൽ ചില്ലുകൾ പൊട്ടുന്ന ശബ്ദമാണ് ആദ്യം കേട്ടത്. മോഷ്ടാക്കൾ ആണെന്ന ധാരണയിൽ വീണ്ടും ശ്രദ്ധിച്ചപ്പോഴാണ് കൂടുതൽ ജനൽ ചില്ലുകൾ ഒരേസമയം പൊട്ടുന്ന ശബ്ദം കേട്ടത്. ചന്ദ്രനും ഭാര്യയും മുകളിലുള്ള മകനെയും മറ്റും വിളിച്ചു അലറിക്കരഞ്ഞു. ഇതേസമയം തന്നെ മകനും ഈ ശബ്ദം കേട്ട് ശ്രദ്ധിച്ചു കിടക്കുകയായിരുന്നു. വാതിൽ തുറന്നെങ്കിലും ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് അടച്ചു. എന്നാൽ, അപകടം മണത്ത ഇവർ മകളെ ബെഡ് ഷീറ്റിൽ പൊതിഞ്ഞു കൈയിലെടുത്തു വാതിൽ തുറന്നു താഴേക്ക് ഇറങ്ങി ഓടുകയായിരുന്നു. തീ കത്തുന്ന ചൂടും പുകയും കണ്ണെരിച്ചിലും കാരണം മുന്നോട്ട് പോവാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
നാട്ടുകാർ ഓടിയെത്തി നോക്കിയപ്പോഴാണ് മുകൾ നിലയിലെ ബെഡ്റൂമിൽനിന്നാണ് തീ പിടിച്ചതെന്ന് മനസ്സിലായത്. ഉടൻ നാട്ടുകാർ വെള്ളം പമ്പ് ചെയ്ത് തീ അണക്കാൻ തുടങ്ങി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വിവരമറിഞ്ഞ് തിരൂരിൽനിന്ന് അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി. ഇവർ എത്തിയ ശേഷമാണ് പൂർണമായും തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് നിഗമനം. കിടപ്പുമുറിയിലുണ്ടായിരുന്ന കിടക്ക, കട്ടിൽ എന്നിവ പൂർണമായും കത്തിനശിച്ചു. അലമാരയിൽ സൂക്ഷിച്ച വസ്ത്രങ്ങളും നശിച്ചു.
തയ്യൽ മെഷീൻ, കുട്ടികളുടെ പുസ്തകങ്ങൾ, ഫാൻ, വയറിങ് സാമഗ്രികൾ എന്നിവയും നശിച്ചു. കോൺക്രീറ്റ് മേൽക്കൂര, ചുമരുകൾ, ടൈലുകൾ എന്നിവ വിള്ളൽ വീണ് നശിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ ചന്ദ്രൻ പറഞ്ഞു. വിവരമറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബുരാജൻ വള്ളിക്കുന്ന്, വില്ലേജ് ഓഫിസർ അജിത്കുമാർ, പരപ്പനങ്ങാടി എസ്.ഐ പി. ബാബുരാജ്, എ.എസ്.ഐ കെ. ജയദേവൻ എന്നിവരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.