വേങ്ങര: നവംബർ 25നകം എല്ലാ സ്കൂളുകളിലും കൃഷി വകുപ്പിന്റെയും വിദ്യാർഥികളുടെയും പാചകത്തൊഴിലാളികളുടെയും സഹകരണത്തോടെ അടുക്കള പച്ചക്കറിത്തോട്ടം ആരംഭിക്കണമെന്ന് സ്കൂൾ അധികൃതർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. നിലവിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കൃഷിവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായം പ്രയോജനപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്. സ്ഥലസൗകര്യം പരിമിതമായ സ്കൂളുകളിൽ ഗ്രോബാഗ് സംവിധാനവും ഉപയോഗപ്പെടുത്താം. മാത്രമല്ല ഉത്തരവിറങ്ങി ദിവസങ്ങൾക്കകം തോട്ടം നിർമിച്ചതിന്റെ പടങ്ങൾ നവംബർ 25നകം അയച്ചുകൊടുക്കണം.
തോട്ടത്തിന്റെ വിവരങ്ങൾ അറിയാൻ ഡി.പി.ഐ ഓഫിസിൽനിന്ന് ഉദ്യോഗസ്ഥർ നേരിട്ട് ബന്ധപ്പെടുമെന്നും റിപ്പോർട്ടുകൾ ശേഖരിക്കുമെന്നും അറിയിച്ചു. ലഭ്യമായ പച്ചക്കറിയുടെ അളവും ആവശ്യപ്പെടുമ്പോൾ അറിയിക്കേണ്ടതാണെന്നും ഉത്തരവിലുണ്ട്.
ജനപ്രതിനിധികൾ, പി.ടി.എ പ്രതിനിധികൾ, വ്യാപാരി വ്യവസായികൾ, പൂർവ വിദ്യാർഥികൾ എന്നിവരുടെ സഹായത്തോടെ വാട്ടർ പ്യൂരിഫയർ, മാലിന്യ സംസ്കരണ സൗകര്യങ്ങൾ, പ്ലേറ്റ്, ഗ്ലാസ് എന്നിവ ലഭ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. കലോത്സവം, ശാസ്ത്രോത്സവം, കായികോത്സവം തുടങ്ങിയവ നടക്കുന്ന നവംബറിൽ തന്നെ കുട്ടികളും അധ്യാപകരും പി.ടി.എയും അടുക്കള തോട്ടത്തിലേക്കിറങ്ങണമെന്ന ഉത്തരവിൽ ആശങ്കയിലാണ് സ്കൂൾ അധികൃതർ. ഫോട്ടോ സഹിതം റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദേശം എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയിലാണ് പ്രധാനാധ്യാപകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.