അംഗൻവാടി ജീവനക്കാരുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ ഉടൻ നൽകുമെന്ന് മന്ത്രി

മലപ്പുറം: അംഗൻവാടി ജീവനക്കാർക്ക് കുടിശ്ശികയായിട്ടുള്ള ക്ഷേമനിധി ആനുകൂല്യങ്ങൾ വൈകാതെ വിതരണം ചെയ്യുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു. പി. ഉബൈദുല്ല എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയാണ് വനിത ശിശുക്ഷേമ മന്ത്രി ഇക്കാര്യം അറിയിച്ചത്.

അംഗൻവാടി ക്ഷേമനിധിയുടെ സർക്കാർ വിഹിതം കുടിശ്ശിക ലഭ്യമായിട്ടുണ്ട്. അത് വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അംഗൻവാടി ജീവനക്കാരുടെ ദുരിതങ്ങൾ ചൂണ്ടിക്കാട്ടി 'മാധ്യമം' നിരന്തരം വാർത്തകൾ നൽകിയിരുന്നു. വാർത്ത വന്നതിനു പിറകെ ഏഴ് ജില്ലകളുടെ കുടിശ്ശിക അയച്ചെന്നും മലപ്പുറം അടക്കമുള്ള മറ്റു ജില്ലകളുടെ കുടിശ്ശിക ഉടനെ നൽകുമെന്നും ബന്ധപ്പെട്ട വകുപ്പ് 'മാധ്യമ'ത്തോട് പ്രതികരിച്ചിരുന്നു.

കഴിഞ്ഞദിവസം എം.എൽ.എ വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നൽകിയത്. 2021ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം 10 വർഷത്തിൽ താഴെ സർവിസുള്ള അംഗൻവാടി പ്രവർത്തകർക്ക് ഓണറേറിയം 500 രൂപയും 10 വർഷത്തിലധികം സർവിസുള്ളവർക്ക് 1000 രൂപയും വർധിപ്പിക്കുന്ന വിഷയം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, കുടിശ്ശിക നൽകുമെങ്കിലും അംഗൻവാടി ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിൽ മെല്ലപ്പോക്ക് തുടരുമെന്നും മന്ത്രിയുടെ വാക്കുകളിൽനിന്ന് വ്യക്തമായി. ജീവനക്കാരുടെ ചികിത്സ സഹായം, അവധികൾ, ഇ.എസ്.ഐ തുടങ്ങിയ ആനുകൂല്യങ്ങളൊന്നും പരിഗണനയിലില്ലെന്നാണ് മന്ത്രി സൂചന നൽകിയത്.

അംഗൻവാടി ജീവനക്കാർക്ക് ചികിത്സക്ക് ബോർഡിൽ ഫണ്ട് അപര്യാപ്തമായതിനാൽ 2018 മുതൽ ചികിത്സ സഹായം നൽകുന്നില്ലെന്നും മന്ത്രി മറുപടി നൽകി. അംഗൻവാടി ഗുണഭോക്താക്കൾക്ക് പ്രതിവർഷം 300 ദിവസം പോഷകാഹാര വിതരണം നടത്തുന്നതിന് കേന്ദ്ര നിർദേശമുണ്ട്. അതിനാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേതുപോലെ ശനിയാഴ്ച അവധി അനുവദിക്കാൻ സാധിക്കുകയില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാറിന്‍റെ ഭാഗത്തുനിന്നുള്ള മറുപടി തൃപ്തികരമല്ലെന്നാണ് ഭൂരിഭാഗം അംഗൻവാടി ജീവനക്കാരുടെയും പ്രതികരണം. തങ്ങളുടെ ഏറെ നാളത്തെ ന്യായമായ ആവശ്യങ്ങൾക്ക് ഉടനെ പരിഹാരം കാണണമെന്നും അവർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Welfare Fund Benefits for Anganwadi Workers will give soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.