മലപ്പുറം: വിവിധ കാരണങ്ങളാൽ തുടർപഠനം നിലച്ച പട്ടികജാതി, പട്ടിക വിഭാഗങ്ങളിലെ സ്ത്രീകൾക്ക് നാലാം തരം, ഏഴാം തരം, പത്താം തരം, ഹയർ സെക്കൻഡറി ക്ലാസുകളിലേക്ക് തുടർവിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് മുന്നേറ്റം പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.
ഇതിന്റെ രജിസ്ട്രേഷൻ മഹിളാ സമഖ്യ സൊസൈറ്റിയും സാമ്പത്തിക സഹായം ജൻ ശിക്ഷൻ സൻസ്ഥാനും (ജെ.എസ്.എസ്) വഹിക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പഠിതാക്കൾ ജില്ല മഹിളാ സമഖ്യ ഓഫിസറുടെ സാക്ഷ്യപത്രം ഹാജരാക്കുകയാണെങ്കിൽ ഫീസിളവും ലഭിക്കും. അതത് എസ്.സി, എസ്.ടി പദ്ധതി പ്രദേശത്ത് യോഗ്യരായവരുണ്ടെങ്കിൽ അവരെ ഓരോ പഠന കേന്ദ്രത്തിലെയും അധ്യാപകരായി നിയമിക്കും.
പദ്ധതിയുടെ ഭാഗമാക്കാൻ നടത്തിയ സർവേയിൽ നിലവിൽ മലയോര മേഖലയിൽ നിന്ന് 218 പേരെ കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബർ അഞ്ച് വരെയാണ് രജിസ്ട്രേഷൻ. സ്ത്രീവിദ്യാഭ്യാസം, ജീവിത നിലവാരം, തൊഴിൽ നൈപുണി എന്നിവ മെച്ചപ്പെടുത്തി സാമൂഹികമായി ഉയർത്തിക്കൊണ്ടുവരുക എന്നതാണ് ‘മുന്നേറ്റം’ പദ്ധതി ലക്ഷ്യമിടുന്നത്.
സ്ത്രീകളുടെ പോഷകാഹാരം, ഭക്ഷണ രീതി, പ്രതുൽപാദനം, വ്യക്തി ശുചിത്വം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണത്തിലൂടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുക, പട്ടികജാതി, പട്ടികവർഗ വിഭാഗം മേഖലയിൽ പ്രത്യേക പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുക, ജനപ്രതിനിധികൾ, വിദ്യാർഥികൾ, സാംസ്കാരിക പ്രവർത്തകർ, യുവജന സംഘടനകൾ, വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകർ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ ജനകീയ പ്രവർത്തനം നടത്തുക എന്നിവയും നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.