മലപ്പുറം: മലപ്പുറം-മഞ്ചേരി പാതയിൽ കാട്ടുങ്ങലിൽ റോഡിനോട് ചേർന്ന് ഒരു കടയുണ്ട്. നിരവധി സാധനങ്ങൾ ഇവിടെ വിൽപനക്ക് വെച്ചിട്ടുണ്ട്. എന്നാൽ, വിൽപനക്കാരനില്ല. കടയുടെ പേര് തന്നെ ആളില്ലാക്കട എന്നാണ്. തന്റെ പഴയ വീടിന്റെ പുറംചുമർ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ചെറിയ ചിന്തയാണ് ആളില്ലാക്കട എന്ന സ്ഥാപനം തുടങ്ങിയതിന് പിന്നിലെ പ്രചോദനമെന്ന് ഉടമയായ ഉസ്മാൻ ഇരുമ്പുഴി പറയുന്നു. അലങ്കാര വസ്തുക്കൾ, ചട്ടികൾ, കളിപ്പാവകൾ, മൺപാത്രം, ചിത്രങ്ങൾ, പുരാവസ്തുക്കൾ തുടങ്ങിയവയാണ് വീടിന്റെ പുറം ചുമരിൽ സ്ഥാപിച്ച അലമാരയിൽ വിൽപനക്ക് വെച്ചിരിക്കുന്നത്.
ഓരോ സാധനത്തിലും വില എഴുതിയിട്ടുണ്ട്. ആവശ്യക്കാർക്ക് 7034987533 എന്ന നമ്പറിൽ ബന്ധപ്പെടാം. ഉടൻ ഉസ്മാൻ ഇരുമ്പുഴിയോ ഭാര്യയോ സ്ഥലത്തെത്തി അലമാര തുറന്ന് സാധനം തരും.
വിൽപനക്കാരനെന്ന നിലയിൽ സദാ സമയവും കടയിൽ ഇരിക്കേണ്ടതില്ല എന്നതാണ് ഈ കച്ചവടത്തിന്റെ പ്രത്യേകത. വില നൽകാം സാധനങ്ങൾ സ്വന്തമാക്കാം. ഓൺലൈൻ - ഓഫ് ലൈൻ വിൽപനയുടെ സമ്മിശ്ര രൂപം. നിലവിൽ സാധനങ്ങൾ വിൽപനക്ക് വെച്ചിരിക്കുന്ന വീട് വാടകക്ക് നൽകിയിട്ടുണ്ട്. അപ്പോൾ ഇരട്ടി വരുമാനവുമുണ്ട്. വാങ്ങാൻ മാത്രമല്ല ചിലർ വാഹനം നിർത്തി കൗതുക വസ്തുക്കൾ കണ്ട് ആസ്വദിക്കുന്നുമുണ്ട്. വർഷങ്ങളായി സൗദി അറേബ്യയിൽ പത്രപ്രവർത്തകനായിരുന്നു ഇദ്ദേഹം ഏഴുവർഷം മുമ്പാണ് നാട്ടിലെത്തിയത്.
ആളില്ലാക്കട തുടങ്ങിയിട്ട് ആറുമാസമായെന്നും ആവശ്യക്കാരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. കടക്ക് സമീപത്തായി പുസ്തകവായന വളർത്തുക എന്ന ലക്ഷ്യത്തോടെ കോൺക്രീറ്റിൽ വായന മരവും സ്ഥാപിച്ചിട്ടുണ്ട്. എഴുത്തുകാരനും ചിത്രകാരനും കാർട്ടൂണിസ്റ്റുമായ ഇദ്ദേഹം താൻ വരച്ച ചിത്രങ്ങൾ കൊണ്ടാണ് വീട് അലങ്കരിച്ചിരിക്കുന്നത്. കലാപ്രവർത്തനത്തിനും കച്ചവടത്തിനും കൂട്ടായി ഭാര്യ സാബിറ എപ്പോഴും കൂടെയുണ്ട്. യാസീൻ, അമീറ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.