മലപ്പുറം: മലപ്പുറത്തെ കോൺഗ്രസ് നേതൃത്വത്തിെൻറ യുവമുഖമായി അഡ്വ. വി.എസ്. ജോയിക്ക് ഡി.സി.സി പ്രസിഡൻറ് ചുമതല. 36കാരനും പാർട്ടിയുടെ സജീവ യുവ നേതാവുമായ ജോയി നിലമ്പൂർ വെള്ളിമുറ്റം സ്വദേശിയാണ്. വണ്ടൂർ എം.എൽ.എ എ.പി. അനിൽകുമാറിെൻറ ശക്തമായ പിന്തുണയാണ് വി.എസ്. ജോയിക്ക് പ്രസിഡൻറ് സ്ഥാനം ലഭിക്കാൻ സഹായകമായത്.
കെ.സി. വേണുഗോപാലിെൻറ പിന്തുണയും ജോയിക്കായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി, കെ.എസ്.യു മലപ്പുറം ജില്ല സെക്രട്ടറി, ജില്ല വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2016ൽ കെ.എസ്.യു സംസ്ഥാന പ്രസിഡൻറായിരിക്കെ നിയമസഭ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദനെതിരെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ടു.
ഡി.സി.സി പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലും പാർട്ടിയിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നുവെങ്കിലും അവസാനം നറുക്ക് വീണത് വി.എസ്. ജോയിക്ക് തന്നെയായിരുന്നു. മലപ്പുറത്ത് കോൺഗ്രസിനെ ദീർഘകാലം നിയന്ത്രിച്ച മുൻ മന്ത്രി ആര്യാടൻ മുഹമ്മദിെൻറ മകൻ ആര്യാടൻ ഷൗക്കത്ത് ഡി.സി.സി പ്രസിഡൻറ് സ്ഥാനത്തിനായി ശക്തമായ സമ്മർദം ഉയർത്തിയിരുന്നെങ്കിലും ഹൈകമാൻഡിെൻറ പിന്തുണ ലഭിച്ചില്ല.
മുതിർന്ന നേതാക്കളുടെ പേരുകളുണ്ടായിരുന്നെങ്കിലും ചെറുപ്പക്കാരെ പരിഗണിക്കാമെന്നതും മുൻ പ്രവർത്തന മികവും ജോയിക്ക് നേട്ടമായി. സേവിയര്‍-മാറിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ലയ. മകള്‍: എബിലിന് എല്‍സ ജോയ്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.